accident

അങ്കമാലി: ടൗണിൽ പഴയ നഗരസഭാ കാര്യാലയത്തിന് സമീപം ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ കൂടാലപ്പാട് ചിറ്റുപറമ്പൻ ആഗസ്തിയുടെ മകൻ ഷാജനാണ് (50) മരിച്ചത്. ഇന്ത്യൻകോഫി ഹൗസ് ജീവനക്കാരനാണ്. കറുകുറ്റിയിലുള്ള കോഫി ഹൗസിൽ ജോലിക്ക് പോകുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. ഇരുവാഹനങ്ങളും തൃശൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്നു. സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ലോറിയുടെ പിൻവശം സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരന്റെ ഹെൽമെറ്റ് തെറിച്ചുപോയി. നാട്ടുകാർ ഉടനെ അങ്കമാലി എൽ. എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: കാഞ്ഞൂർ പയ്യപ്പിള്ളി കുടുംബാംഗം ജെസി. മകൾ: അലീന.