കൊച്ചി: പ്രകൃതിക്ഷോഭങ്ങളെയും കാലപ്പഴക്കത്തെയും അതിജീവിക്കാൻ കഴിയുന്ന അണക്കെട്ടുകളും പാലങ്ങളും നിർമ്മിക്കാൻ സാങ്കേതികവിദ്യ വികസിപ്പിച്ചതായി അങ്കമാലി കാലടി കൈപ്പട്ടൂർ സ്വദേശി തങ്കച്ചൻ തോട്ടത്തിൽ അവകാശപ്പെട്ടു. ജലാശയങ്ങളിൽ നിലവിലുള്ള ഡാമുകൾക്കും പാലങ്ങൾക്കും വലയം തീർക്കാനും പുതിയത് നിർമ്മിക്കാനും കഴിയുന്നതാണ് രീതി. കമ്പിയും സിമന്റും ആവശ്യമില്ലാതെ വിവിധ ഗ്രേഡുകളിലുള്ള കരിങ്കൽ കല്ലുകളും അനുബന്ധ ക്രഷർ ഉത്പന്നങ്ങളും ചേർത്ത കരിങ്കൽ മിശ്രിതമുപയോഗിച്ചാണ് നിർമ്മാണം. മുല്ലപ്പെരിയാർ ജലാശയത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡാമിന് ഭിത്തി നിർമ്മിക്കാം. ഒരുപാട് പഠനങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് പദ്ധതി അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മാണരീതി വിശദമാക്കാൻ ഐ.ഐ.ടി പാലക്കാട്, കൊച്ചി സർവകലാശാല, പാലക്കാട് ഡാം കൺസൾട്ടൻസി എന്നിവയുടെ സാങ്കേതിക സഹായത്തോടെയും അഭിപ്രായങ്ങളും തേടിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.