nia

കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക കണ്ണികളെത്തേടി ദുബായിലെത്തിയ എൻ.ഐ.എ സംഘം ദുബായ് പൊലീസിൽ നിന്ന് വിവരങ്ങൾ തേടി. എസ്.പി ഉൾപ്പെട‌െ രണ്ട് പേരാണ് സംഘത്തിലുള്ളത്.

നയതന്ത്രബാഗേജിൽ സ്വർണമയച്ച തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്, മൂവാറ്റുപുഴ സ്വദേശി റബിൻസ് എന്നിവരെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം. . ഫൈസലിനെ ദുബായ് പൊലീസ് പിടി കൂടിയെങ്കിലും ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നത് വൈകുന്നു. അതിനാലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ എൻ.ഐ.എ സംഘം ദുബായിലെത്തിയത്. ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള ദൗത്യവും സംഘത്തിനുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്താലേ സ്വർണക്കടത്തിന്റെ വ്യാപ്തിയും ബന്ധങ്ങളും വ്യക്തമാകൂ.

യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷിമേനി എന്നിവർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന്,അറസ്റ്റിലായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇവരിൽനിന്ന് വിവരങ്ങൾ തേടാൻ വിദേശകാര്യ മന്ത്രാലയം വഴി യു.എ.ഇ സർക്കാരിന് കത്ത് നൽകി. ഇതിനു മറുപടി ലഭിച്ചില്ലെങ്കിലും ഇരുവരിൽനിന്നും വിവരങ്ങൾ തേടാനും എൻ.ഐ.എ സംഘത്തിന് പദ്ധതിയുണ്ട്. യു.എ.ഇ സർക്കാർ അനുവദിച്ചാലേ ഇവരെ കാണാൻ കഴിയൂ.