പള്ളുരുത്തി: കുമ്പളങ്ങി സ്വദേശി മേരിക്ക് അഭിനന്ദന പ്രവാഹം.കഴിഞ്ഞ ഒരു മാസമായി ട്രിപ്പിൾ ലോക്ക്ഡൗണിൽ നട്ടം തിരിയുന്ന ചെല്ലാനം തീരദേശ വാസികൾക്ക് കണ്ണമാലി സി.ഐ.പി.എസ്.ഷിജുവും സന്നദ്ധ സംഘടനകളും ചേർന്ന് പൊതിച്ചോറ് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ ഒരു പൊതിച്ചോറ് മേരിയും നൽകി.ഇതിനോടൊപ്പം ഒരു നൂറ് രൂപ നോട്ടും വെച്ചു കെട്ടി. പൊതിചോറ് വിതരണം നടത്തി ബാക്കിയുള്ളത് സ്റ്റേഷനിൽ കൊണ്ടുവന്ന് പൊലീസ് ഉദ്യോഗസ്ഥർ കഴിച്ചു. പണം വച്ച പൊതി കിട്ടിയതാകട്ടെ സി.ഐയ്ക്കും. ഇതോടെയാണ് മേരിയുടെ നന്മ ലോകം അറിഞ്ഞത്. കോയബസാറിൽ താമസിക്കുന്ന മേരി കാറ്ററിംഗ് ജീവനക്കാരിയാണ്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലാണ് ഈ കുടുംബം. ഭർത്താവിനും ജോലി ഇല്ല. തൊഴിലുറപ്പ് ജോലിയിൽ നിന്നും ലഭിച്ച 200 രൂപയിൽ നിന്നാണ് 100 രൂപ കരുതലായി ഇവർ നൽകിയത്. സി.ഐ.യും സംഘവും മേരിയുടെ വീട്ടിൽ എത്തി അഭിനന്ദനം അറിയിച്ചു. സോഷ്യൽ മീഡിയയിൽ മേരിയാണ് ഇപ്പോൾ താരം.

കിട്ടുന്നവർക്ക് ചായ പൊടിയും പഞ്ചസാരയും വാങ്ങാൻ ഉപകരിക്കട്ടേയെന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ

മേരി