പിറവം: എറണാകുളം റോഡിൽ പാഴൂർ അമ്പലപ്പടിക്ക് സമീപം കാക്ക വളവിൽ അപകടസാധ്യത കൂടുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവുമുള്ള ഇവിടെ റോഡ് നിരന്തരമായി തകരുന്നതിനാൽ 50 മീറ്റർ ടൈൽ വിരിച്ചിരുന്നു. ചെരിവുള്ള ഭാഗത്ത് ഇപ്പോൾ ടൈലുകൾ ഇളകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ഇവിടുത്തെ കലുങ്കിന്റെ മേൽതട്ട് ഇടിഞ്ഞു തോട്ടിൽ വീണ് ഇരുചക്രവാഹന യാത്രക്കാരൻ അപകടത്തിൽ പെട്ടു. പാഴൂർ പേപ്പതി റീച്ചിൽ പലസ്ഥലങ്ങളിലും ഓട നിറഞ്ഞ റോഡിലൂടെ വെള്ളം ഒഴുകുകയാണ്. പൊതുമരാമത്ത് കരാറുകാർ ടൗണിൽ മാത്രം പണി ചെയ്തു മറ്റിടങ്ങൾ അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസും, പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കാക്ക വളവിൽ അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടു.