കൊച്ചി : സംവരണ വിദ്യാർത്ഥികളുടെ ഫീസ് സൗജന്യത്തിന്റെ സാമ്പത്തിക ബാദ്ധ്യത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളല്ല വഹിക്കേണ്ടതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
എം.ജി സർവകലാശാലയുടെ കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ പ്രവേശനം നേടിയ പട്ടികജാതി - പട്ടികവർഗ വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ നൽകണമെന്നാവശ്യപ്പെട്ട് തൊടുപുഴ അൽ അസർ ആർട്സ് ആൻഡ് സയൻസ് കോളേജ് ചെയർമാൻ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.
2007 മുതൽ അൽ അസർ കോളേജിൽ പട്ടികജാതി - പട്ടികവർഗ, മറ്റു പിന്നാക്ക വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നുണ്ട്. ഇവർക്ക് ഫീസ് സൗജന്യവും നൽകുന്നുണ്ട്. ഇൗ തുക കോളേജിന് സർക്കാർ നൽകണമെന്നു പറഞ്ഞ ഹൈക്കോടതി തുകയുടെ 25 ശതമാനം മൂന്നു മാസത്തിനുള്ളിൽ നൽകാനും ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചു.