ration

കൊച്ചി: നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് ഇ പോസ് മെഷീൻ പണിമുടക്കുന്നതു മൂലം രണ്ടു ദിവസമായി റേഷൻ കടകളിൽ ഭക്ഷ്യസാധങ്ങളുടെ വിതരണം വൈകുന്നു. കാർഡുടമകൾ ഏറെനേരം റേഷൻ കടകളിൽ കാത്തുനിൽക്കേണ്ടി അവസ്ഥയാണ്. ഇത് കൊവിഡ് വ്യാപനമുണ്ടാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. റേഷൻ കടകളിൽ ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.

കഴിഞ്ഞ ദിവസം 74 പേർ എത്തിയ റേഷൻ കടയിൽ ആറു പേർക്ക് മാത്രമാണ് റേഷൻ വാങ്ങാനായത്. സമ്പാർക്ക ഭീതി നിലനിൽക്കെ മതിയായ സുരക്ഷയില്ലാതെയാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്. പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കിയതിനാൽ ഏതു കടയിൽ നിന്നും ഇപ്പോൾ റേഷൻ വാങ്ങാം. റേഷൻ വാങ്ങാൻ എത്തുന്നയാൾ ക്വാറന്റീനിൽ കഴിയുന്ന വ്യക്തിയാണോയെന്നു തിരിച്ചറിയാനും കഴിയില്ല. ചെറിയ കടകളിൽ ആളുകൾ ഏറെനേരം കാത്തുനിൽക്കേണ്ടി വരുമ്പോൾ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നുമില്ല.


വില്ലൻ നെറ്റ് വർക്ക്

ഇ പോസ് യന്ത്രത്തിന്റെ തകരാറല്ല, ചില പ്രദേശങ്ങളിലുണ്ടായ സർവർ തകരാറാണു തടസത്തിനു കാരണം. വൈഫൈ ഉപയോഗിച്ച് വിതരണം നടത്താൻ സാധിക്കുന്നുണ്ട്. കൂടുതൽ പേർ ഇന്റർനെറ്റ് ഉപയോഗിച്ചതു ചില മേഖലകളിൽ തടസത്തിന് കാരണമായി. എങ്കിലും റേഷൻ വിതരണം തടസമില്ലാതെ നടന്നിട്ടുണ്ട്.

ജ്യോതി കൃഷ്ണ

ജില്ലാ സപ്ലൈ ഓഫീസർ

എറണാകുളം

തകരാർ പരിഹരിക്കണം

അടിക്കടിയുണ്ടാകുന്ന സർവർ തകരാർ പരിഹരിക്കാൻ ഉടൻ നടപടിയെടുക്കണം. രണ്ടു ദിവസമായി സർവർ തകരാറുണ്ടായിട്ടും പരിഹാരമുണ്ടാക്കണം. ഇന്നു മുതൽ ആരംഭിക്കുന്ന ഓണകിറ്റ് വിതരണത്തെ ബാധിക്കും. റേഷൻ മുടങ്ങുന്നത് പലയിടങ്ങളിലും കാർഡുടമകളും റേഷൻ കടക്കാരും തമ്മിലുള്ള വാക്ക് തർക്കത്തിനും കാരണമാകുന്നുണ്ട്.

എൻ. ഷിജീർ
സംസ്ഥാന സെക്രട്ടറി
കേരള സ്‌റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ