കേരളത്തിന് പച്ചപ്പും മികച്ച കാലാവസ്ഥയും നൽകുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ പ്രൊഫ. കസ്തൂരിരംഗൻ കമ്മിഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾക്കെതിരെ പ്രക്ഷോഭവും കലാപതുല്യമായ പ്രതിഷേധങ്ങളും നടത്തിയ കത്തോലിക്കാസഭയ്ക്ക് ഒടുവിൽ മാനസാന്തരം! പരിസ്ഥിതി ആഘാത വിലയിരുത്തൽ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് ബില്ലിനോടുള്ള നിലപാടാണ് മാനസാന്തരം വ്യക്തമാക്കിയത്. 'പാരിസ്ഥിതിക ധാർമ്മികത' ഉയർത്തിയാണ് സഭയുടെ പുതിയ നിലപാട്.
ഇ.ഐ.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നിയമഭേദഗതിയെ എതിർത്താണ് കേരള കത്തോലിക്കാ മെത്രാൻസമിതി രംഗത്തുവന്നത്. പരിസ്ഥിതി ആഘാത വിലയിരുത്തൽ സംബന്ധിച്ച് കേന്ദ്രം പ്രസിദ്ധീകരിച്ച കരടിൽ സഭയുടെ നിർദേശങ്ങൾ സർക്കാരിനു സമർപ്പിച്ചതായി കെ.സി.ബി.സി അറിയിച്ചു. കരടു വിജ്ഞാപനം കോർപ്പറേറ്റ് മുതൽമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതും വ്യവസായവത്കരണത്തെ ത്വരിതപ്പെടുത്തുന്നതുമാണ്. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമിടുന്ന നയസമീപനമെന്ന് സർക്കാരിനു ന്യായീകരിക്കാമെങ്കിലും പാരിസ്ഥിതികമായും മാനുഷികമായും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കെ.സി.ബി.സി പറയുന്നു. വ്യവസായങ്ങളുടെയും വികസനസംരംഭങ്ങളുടെയും കാര്യത്തിൽ പൊതുസമൂഹത്തിനുള്ള ഉത്കണ്ഠയും നിർദേശങ്ങളും പങ്കുവയ്ക്കുന്നതിനും പരിഹാരം കാണുന്നതിനുമുള്ള മാർഗം ഇല്ലാതാകും. ബി 2 വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന സംരംഭങ്ങൾ സംബന്ധിച്ച് കൃത്യമായ പാരിസ്ഥിതിക വിലയിരുത്തലിനും പരിഹാരം നേടുന്നതിനും വ്യവസ്ഥകൾ നിലനിറുത്തണം.
നിലവിലുള്ള സംരംഭങ്ങളുടെ വികസനത്തിനും വിപുലീകരണത്തിനും പരിസ്ഥിതി വിലയിരുത്തൽ ആവശ്യമില്ലെന്ന നിർദ്ദേശവും പദ്ധതികളുടെ നടത്തിപ്പിനുശേഷം പാരിസ്ഥിതിക പഠനത്തിനുള്ള അനുമതി നേടിയാൽ മതിയെന്ന നിർദേശവും പുന:പരിശോധിക്കണം. പാരിസ്ഥിതിക അനുമതിയോടെ മാത്രമേ വൻവികസനപദ്ധതികളും വ്യവസായ സംരംഭങ്ങളും തുടങ്ങാവൂ എന്ന നിബന്ധന നിലനിറുത്തണം. ആഗോളതലത്തിൽ നിലനില്ക്കുന്ന പാരിസ്ഥിതിക മാനദണ്ഡങ്ങളും മനുഷ്യാവകാശങ്ങളും മാനിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും 'പാരിസ്ഥിതിക ധാർമ്മികത' ഗൗരവമായി പരിഗണിക്കപ്പെടുകയും വേണം. രണ്ടു ഹെക്ടറിലധികം വിസ്തീർണമുള്ള ക്വാറികളുടെ പ്രവർത്തനത്തിന് പാരിസ്ഥിതിക അനുമതി നേടണമെന്ന നിർദേശം കേരളം പോലെ പരിസ്ഥിതി ദുർബലപ്രദേശങ്ങളിൽ തുടർന്നും പാലിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.
ഖനനം, ഡാമുകളുടെ നിർമ്മാണം തുടങ്ങിയവയിൽ എറ്റവും കൂടുതൽ ആഘാതമേൽക്കുന്നത് ആദിവാസി - ഗോത്രവർഗ സമൂഹങ്ങൾക്കാണ്. വികസനത്തിന്റെ പേരിൽ അവരുടെ അവകാശങ്ങൾ കവർന്നെടുക്കരുത്. വ്യവസായിക സംരംഭങ്ങൾക്കു വേണ്ടി കുടിയിറക്കപ്പെടുകയും കിടപ്പാടവും ജീവിതമാർഗവും നഷ്ടമാകുകയും ചെയ്യുന്നവർക്ക് നഷ്ടപരിഹാരം നൽകണം. കുടിയിറക്കപ്പെടുന്നവരുടെ മാന്യമായ പുനരധിവാസത്തിനും വ്യവസ്ഥയുണ്ടാകണമെന്നാണ് കെ.സി.ബി.സി ആവശ്യപ്പെടുന്നത്.
ഗാഡ്ഗിലിനെ എതിർത്തവർ
ഗോവ, മഹാരാഷ്ട്ര, കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ നടപടികൾ ശുപാർശ ചെയ്യാനാണ് പ്രൊഫ. മാധവ് ഗാഡ്ഗിൽ അദ്ധ്യക്ഷനായി കമ്മിഷനെ കേന്ദ്രം നിയോഗിച്ചത്. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ചില കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു. അവ പരിഹരിക്കാൻ ഡോ. കസ്തൂരിരംഗൻ അദ്ധ്യക്ഷനായി മറ്റൊരു സമിതിയെയും നിയമിച്ചു. പരിസ്ഥിതിദുർബലവും ലോലവുമെന്ന് കണ്ടെത്തിയ പ്രദേശങ്ങളെ സംരക്ഷിക്കാൻ നിരവധി പദ്ധതികളാണ് രണ്ടു കമ്മിഷനുകളും സമർപ്പിച്ചത്.
മാധവ് ഗാഡ്ഗിൽ കമ്മിഷനെ ഏറ്റവുമധികം എതിർത്തത് കത്തോലിക്കാ സഭയായിരുന്നു. ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടന്നത് ഇടുക്കിയിലും. മലയോര കർഷകരെ മുൻനിറുത്തിയായിരുന്നു സമരം. ഇടുക്കി രൂപത നേതൃത്വം നൽകി രൂപീകരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് സമരത്തിനിറങ്ങിയത്. ദിവസങ്ങളോളം ഇടുക്കി ജില്ലയെ സ്തംഭിപ്പിച്ച സമരങ്ങൾ നടന്നു. വഴികളടച്ചും വനംവകുപ്പിന്റെ ഓഫീസ് കത്തിച്ചും പ്രതിഷേധിച്ചു!
ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചതിന്റെ പേരിൽ മുൻ ഇടുക്കി എം.പിയും ഇപ്പോൾ എം.എൽ.എയുമായ പി.ടി. തോമസിന്റെ പ്രതീകാത്മക ശവമഞ്ചം പേറി ഘോഷയാത്ര നടത്താൻ വൈദികരും അണിനിരന്നു. മലയോരകർഷകരെ ഇറക്കിവിടുമെന്നും ആനയ്ക്കും പുലിയ്ക്കും കാടിനും വേണ്ടി ജനങ്ങളെ ഒഴിപ്പിക്കുമെന്നും വ്യാപകപ്രചാരണം നടത്തി.
കാലവർഷങ്ങളിൽ പിന്നീട് ഇടുക്കിയിലുണ്ടായ ദുരന്തങ്ങൾ ഗാഡ്ഗിലും കസ്തൂരിരംഗനും നൽകിയ മുന്നറിയിപ്പ് ഫലിക്കുന്നതാണെന്ന് വിലയിരുത്തപ്പെട്ടു. ഒടുവിലിതാ മൂന്നാർ പെട്ടിമുടി ദുരന്തം ! ഹൈറേഞ്ചിന്റെ നിലനില്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമെന്ന തിരിച്ചറിവാണ് സഭയുടെ മനംമാറ്റത്തിന് പിന്നിലെന്നാണ് സൂചനകൾ.
എങ്ങുമെത്താതെ
പാവങ്ങളുടെ
ആശ്രയകേന്ദ്രം
പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട രണ്ടു പദ്ധതികളുടെ നിർമ്മാണം ഇഴഞ്ഞുതന്നെ. എറണാകുളം ജില്ല മാത്രമല്ല, മദ്ധ്യകേരളം കാത്തിരിക്കുന്ന കൊച്ചി കാൻസർ റിസർച്ച് സെന്ററാണ് ഒന്ന്. മറ്റൊന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗവും. കൊവിഡ് വ്യാപനം പണികൾക്ക് തടസമായെന്ന വാദത്തിൽ അല്പം കഴമ്പുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥയാണ് പദ്ധതിക്ക് വേഗത കൂടാതിരിക്കാൻ മുഖ്യകാരണം. സാധാരണക്കാരായ രോഗികൾ എത്തുന്ന രണ്ടു സ്ഥാപനങ്ങളും കളമശേരിയിലാണ്.
സഹകരണമേഖലയിൽ ആരംഭിച്ചതാണ് മെഡിക്കൽ കോളേജ്. മുൻ സർക്കാർ ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളേജാക്കി. ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. എൽ.ഡി.എഫ് സർക്കാരും ആശുപത്രിയുടെ വികസനത്തിന് പദ്ധതികൾ ആവിഷ്കരിച്ചു. അതിൽ പ്രധാനമാണ് സൂപ്പർ സ്പെഷ്യാലിറ്റി മന്ദിരം. ഒന്നരലക്ഷം ചതുരശ്ര അടിയോളം വിസ്തീർണമുള്ള കെട്ടിടം നിർമ്മാണം ആരംഭിച്ച് വർഷം രണ്ടു കഴിഞ്ഞു. പകുതി പണി പോലും പൂർത്തിയായിട്ടില്ല.
കിഫ്ബിയാണ് ധനസഹായം നൽകുന്നത്. 190 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ഇൻകെൽ എന്ന ഏജൻസിക്കാണ് നിർമ്മാണ മേൽനോട്ടം. ജില്ലാ കളക്ടറാണ് മെഡിക്കൽ കോളേജ് വികസന ചുമതലയുള്ള സ്പെഷൽ ഓഫീസർ. പറഞ്ഞിട്ടെന്തു ഫലം. പണി എങ്ങുമെത്തുന്നില്ല.
കൊവിഡ് വ്യാപനം ആരംഭിച്ച മാർച്ച് വരെ പണികൾ തുടർന്നു. അന്യസംസ്ഥാന താെഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ പണി നിലച്ചു. കരാറുകാരുടെ എൻജിനീയർമാരും മടങ്ങിയതോടെ പണി സ്തംഭിച്ചു. ജൂലായിൽ കുറെപ്പേരെ തിരിച്ചെത്തിച്ചു. അമ്പതോളം പേരാണ് നിലവിൽ പണി ചെയ്യുന്നത്.
മദ്ധ്യകേരളത്തിൽ കാൻസറിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന സർക്കാർ സ്ഥാപനമാണ് കൊച്ചി കാൻസർ റിസർച്ച് സെന്റർ. മെഡിക്കൽ കോളേജിന് സമീപം തന്നെയാണ് കാൻസർ സെന്ററും. ഒരു കെട്ടിടത്തിൽ ഒ.പി പ്രവർത്തിക്കുന്നു. മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ശസ്ത്രക്രിയ ഉൾപ്പെടെ നടത്തുന്നത്.
കാൻസർ സെന്ററിന്റെ കെട്ടിടം നിർമ്മാണം ആരംഭിച്ചിട്ടും കാലങ്ങളായി. നിർമ്മാണം മാത്രം മുന്നേറുന്നില്ല. സർക്കാർ മുൻഗണന കൊടുക്കുന്ന ആരോഗ്യ പദ്ധതികളിൽ ഒന്നെന്നാണ് കാൻസർ സെന്ററിനെക്കുറിച്ച് അധികൃതർ വിവരിക്കുന്നത്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ഉൾപ്പെടെ സംഘടനകൾ നിരന്തരം മുറവിളി കൂട്ടുന്നുണ്ടെങ്കിലും നിർമ്മാണം വേഗത്തിലാക്കാൻ അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.