കൊച്ചി: കേന്ദ്രം പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ പാരിസ്ഥിതികവും മാനുഷികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻസമിതി (കെ.സി.ബി.സി) സർക്കാരിനെ അറിയിച്ചു.
വ്യവസായവത്കരണത്തെ വേഗത്തിലാക്കുന്നതും നിക്ഷേപം വർദ്ധിപ്പിക്കുന്നതുമാണ് കരടിലെ ചില നിർദേശങ്ങൾ. രാജ്യത്തിന് ഗുണകരമാണെന്ന് സർക്കാരിന് വാദിക്കാമെങ്കിലും പല നിർദേശങ്ങളും പൊതുസമൂഹത്തിന് ഭീഷണിയുയർത്തുന്നതാണ്. നിലവിലെ വ്യവസായങ്ങൾ വിപുലീകരിക്കുന്നതിന് പരിസ്ഥിതി ആഘാതം വിലയിരുത്തേണ്ടെന്നും നടത്തിപ്പിനുശേഷം പഠിച്ചാൽ മതിയെന്നുമുള്ള വ്യവസ്ഥ തിരുത്തണം. ഖനനം, അണക്കെട്ടുകളുടെ നിർമ്മാണം എന്നിവ ആദിവാസി, ഗോത്രവർഗ സമൂഹങ്ങളുടെ അവകാശങ്ങളും കിടപ്പാടവും നഷ്ടമാക്കുന്നത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.