ആലുവ: നഗരത്തിലെ ബി.ജെ.പിയുടെ ഏക വനിതാ മുഖമായിരുന്ന നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രീത രവീന്ദ്രൻ തൽസ്ഥാനം രാജിവെച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയൃഷ്ണന് രാജിക്കത്ത് കൈമാറി. രണ്ട് വനിതകൾ അനാവശ്യമായി അധിക്ഷേപിച്ചിട്ടും സ്ഥലത്തുണ്ടായിരുന്ന മണ്ഡലം ഭാരവാഹികൾ വിഷയത്തിൽ ഇടപെടാതിരുന്നതിന്റെ മനോവിഷമത്തിലാണ് രാജി.
കഴിഞ്ഞദിവസം നഗരത്തിൽ പ്രീത രവീന്ദ്രൻ താമസിക്കുന്ന ഊമൻകുഴിതടം 11 ാം വാർഡിൽ മൂന്നുനില കെട്ടിടത്തിന്റെ അടിയിൽ നിന്നും കരിങ്കല്ലും മണ്ണും ഇളകി 40 അടി താഴെയുള്ള കോളനിയിലേക്ക് പതിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥലം സന്ദർശിക്കാനെത്തിയിരുന്നു. ഇവർക്കൊപ്പമെത്തി മൊബൈൽ കാമറ ഉപയോഗിച്ച് രംഗം പകർത്തിയ രണ്ട് യുവതികളുമായിട്ടായിരുന്നു തർക്കം. ബി.ജെ.പി നേതാക്കളുടെ അഭിപ്രായം നേടിയപ്പോൾ മറ്റൊരാൾക്ക് അഭിമുഖം നൽകിയിട്ടുണ്ടെന്ന് പറഞ്ഞതോടെ ബഹളമായി. ഈ സമയം വിഷയത്തിൽ ഇടപെടാതെ സ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി നേതാക്കൾ മൗനം പാലിച്ചെന്നാണ് പ്രീതയുടെ പരാതി.
കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് പ്രീത ബി.ജെ.പിയിലെത്തിയത്. ചരിത്രത്തിൽ ആദ്യമായി വാർഡിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയുണ്ടാകുകയും മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും ചെയ്തിരുന്നു. രാജി ലഭിച്ചിട്ടുണ്ടെന്നും വിഷയം പരിഹരിക്കുമെന്നും ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ 'കേരളകൗമുദി'യോട് പറഞ്ഞു.