കൊച്ചി: കൊവിഡിനൊപ്പം തന്നെ ഡങ്കിപ്പനിയെയും കരുതിയിരിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. മഴ പെയ്ത് തോരുമ്പോൾ ഡങ്കിപ്പനി പടർന്നുപിടിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ലോക്ക്ഡൗൺ കാലത്ത് വീട്ടകങ്ങളിൽ മണിപ്ലാന്റ് പോലുള്ള ഇൻഡോർ ചെടികൾ വെച്ചുപിടിപ്പിച്ചതും ഏറെക്കാലമായി സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതും ഡങ്കിക്കൊതുകുകളുടെ വളർച്ചയ്ക്ക് ഇടയാക്കിയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എറണാകുളം ജില്ലയിൽ നഗരപ്രദേശങ്ങളിലാണ് ഇപ്പോൾ ഡങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ മഴ മാറുന്നതോടെ മറ്റിടങ്ങളിലും കൊതുക് പെരുകാനിടയുണ്ട്.
പകരുന്നതിങ്ങനെ
ഈഡിസ് ഈജിപ്തി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വരയൻ കൊതുകുകൾ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോൾ ഉമിനീർവഴി രക്തത്തിൽ കലർന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. അതിശക്തമായ നടുവേദന, കണ്ണിനു പുറകിൽ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്തങ്ങിങ്ങായി ചുവന്നു തിണർത്ത പാടുകൾ കാണാൻ സാധ്യതയുണ്ട്.
ഗുരുതരമായാൽ അപകടം
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും. ചെറിയ പനി വന്നാൽ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാൽ ധാരാളം പാനീയങ്ങൾ കുടിക്കാൻ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകർച്ചപ്പനി ആകാമെന്നതിനാൽ സ്വയം ചികിത്സിക്കരുത്.
''ഈഡിസ് കൊതുകുകൾ വളരാതെ തടയുകയാണ് ഡങ്കിപ്പനി ഇല്ലാതാക്കാനുള്ള മികച്ച മാർഗ്ഗം. ചൊവ്വാഴ്ച ഓഫീസുകൾ, വെള്ളിയാഴ്ച സ്കൂളുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെ ആഴ്ചയിൽ ഒരു ദിവസം വെള്ളം കെട്ടിക്കിടക്കുന്ന പരിസരങ്ങൾ ശുചിയാക്കുന്ന ഡ്രൈ ഡേ ആചരിച്ചാൽ ഡങ്കിപ്പനിയെ നമുക്ക് തോൽപ്പിക്കാനാകും.''
ഡോ. വിനോദ്
ജില്ലാ സർവയലൻസ് ഓഫീസർ
എറണാകുളം