മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വാർഡിലെ തേലയ്ക്കാപടം മുതലുള്ള പ്രദേശം മൈക്രോ കണ്ടെയ്മെന്റ് സോണിന്റെ പരിധിയിലാക്കാൻ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.പഞ്ചായത്തിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പ്രൈമറി കോണ്ടാക്ടിലുള്ള 19 പേരേയും സെക്കൻഡറി കോണ്ടാക്ടിലുള്ള 38 പേരേയും കണ്ടെത്തി ക്വറന്റൈയിനിലാക്കി. സെക്കൻഡറി കോണ്ടാക്ടിലുള്ള അഞ്ച് പേർ രാമമംഗലം പഞ്ചായത്തിലും അഞ്ച് പേർ മഴുവന്നൂർ പഞ്ചായത്തിലുമുള്ളവരാണ്. പ്രൈമറി കോണ്ടാക്റ്റിലുള്ള 19 പേരെ ആന്റിജൻ ടെസ്റ്റ് നടത്തും.

വാളകം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ഉന്നതതല യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി.ഏലിയാസ്, പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ.രാജു, സുജാത സതീശൻ, ഷീല മത്തായി, പഞ്ചായത്ത് മെമ്പർമാരായ പി.എം മദനൻ, എ.സോമൻ, പി.യാക്കോബ്, ആർ.രാമൻ, മെഡിക്കൽ ഓഫീസർ ഡോ: കമൽജിത്ത്, പോലീസ്, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം
വാളകം കവലയിലെ എല്ലാ സ്ഥാപനങ്ങളും വൈകിട്ട് ആറ് വരെ മാത്രമെ പ്രവർത്തിക്കാവൂ. മെഡിക്കൽ സ്റ്റോർ, പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ഒന്നാം വാർഡിലെ മൈക്രോ കണ്ടെൺമെന്റ് സോണിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ റേഷൻ കടയും രണ്ട് പലചരക്ക് കടയും മാത്രമെ തുറക്കാൻ അനുമതിയുള്ളൂ. വാർഡ് പരിധിയിൽ വരുന്ന പാലനാട്ടി കവല പൂർണമായും അടച്ചിടും.