വൈപ്പിൻ: വല നിറയെ മീനെന്ന പ്രതീക്ഷയുമായി മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പുറപ്പെട്ടു. ട്രോളിംഗ് നിരോധനം പിൻവലിച്ചതോടെ ഇന്നലെ അർദ്ധ രാത്രി മുനമ്പത്ത് നിന്നടക്കം ബോട്ടുകൾ ഒന്നിന് പിന്നാലെ ഒന്നായി കടലിലേക്ക് നീങ്ങി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല.ട്രോളിംഗ് നിരോധനം നീട്ടിയോടെ ബോട്ടുടമാസംഘം നേതാക്കൾ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിലാണ് മത്സ്യബന്ധനത്തിന് സർക്കാർ അനുമതി നൽകിയതെന്ന് ഓൾ കേരള ഫിഷിം ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യാർ കളപ്പുരക്കൽ അറിയിച്ചു.
ഒറ്റ ഇരട്ട നമ്പറുകൾ അനുസരിച്ചാണ് ബോട്ടുകൾ ഹാർബറുകളിൽ നിന്ന് പോകുന്നത്. അതേസമയം ലേലം ചെയ്യാതെ മത്സ്യങ്ങൾക്ക് വില നിശ്ചയിച്ച് തൂക്കി വില്പനയാണ് അനുവദിച്ചിച്ചുള്ളത്. ബോട്ടുകൾക്കുള്ള പാസുകൾ ഇന്നലെ മുതൽ വിതരണം ചെയ്തു തുടങ്ങി. 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനും 12 ദിവസത്തെ കൊവിഡ് കാലാവസ്ഥ നിയന്ത്രണങ്ങളെ തുടർന്നുള്ള നിരോധനത്തിനും ശേഷമാണ് മുനമ്പത്ത് നിന്ന് മത്സ്യബന്ധനം പുനരാരംഭിക്കുന്നത്.
കൊവിഡ് നിയന്ത്രണം പാലിക്കണം
യാനങ്ങളിലും ഹാർബറുകളിലും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാണ് സർക്കാർ നിർദേശം.മാസ്‌ക് ധാരണം, അകലം പാലിക്കൽ എന്നിവ കർശനമായി പിന്തുടരണം. ഹാർബറുകളിൽ പൊലീസ് പരിശോധന കർശനമാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.