കൊച്ചി: സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണിയുടെ 50 ശതമാനം സ്വന്തമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട കുടുംബശ്രീ മിഷന് കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു. ഉത്പാദിപ്പിച്ച കോഴികളെ പൊതുവിപണിയിൽ വിറ്റഴിച്ച് തലയൂരാൻ നിർബന്ധിതമായിരിക്കുകയാണ് സംരംഭകർ. ഉത്പാദനത്തിനൊപ്പം വിപണനശൃംഖല കെട്ടിപ്പടുക്കാനാവാത്തതാണ് മിഷൻ നേരിടുന്ന പ്രതിസന്ധി. കേരള ചിക്കന്റെ ആദ്യവിപണനകേന്ദ്രം ജൂൺ 30ന് വടക്കൻ പറവൂരിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. ജൂലായ് 15നകം എറണാകുളം ജില്ലയിൽ തിരുമാറാടി, ആയവന, കോട്ടപ്പടി, മാറാടി എന്നിവിടങ്ങിൽ വിൽപ്പനകേന്ദ്രങ്ങൾ തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ ഒന്നുപോലും തുറക്കാനായില്ല. പട്ടികയിലില്ലാതിരുന്ന മുളവുകാട്ട് കട ആരംഭിച്ചു. സ്വന്തമായി വില്പനകേന്ദ്രം ഇല്ലാതായതോടെ ഇറച്ചിക്കോഴികളുടെ ഉത്പാദനവും അവതാളത്തിലാവുമെന്നാണ് കൃഷി ആരംഭിച്ചവരുടെ ഭീതി.
ലക്ഷ്യമിട്ടത് 200 കടകൾ
2020 ഡിസംബറിനകം സംസ്ഥാനത്തൊട്ടാകെ 200 ഔട്ട്ലറ്റുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ സംരംഭകർക്ക് നൽകി 40 ദിവസം കഴിയുമ്പോൾ പരിപാലനച്ചെലവ് നൽകി തിരിച്ചെടുക്കും. 40 ദിവസം വളർച്ചയെത്തുന്ന കോഴികളെ വേഗത്തിൽ വിറ്റഴിക്കുകയെന്നതാണ് ഏറ്റവും വലിയ നേട്ടം. ദിവസവും തീറ്റയ്ക്കും പരിപാലനത്തിനും വരുന്ന അധിക ചെലവ് ഉത്പാദകരെ നഷ്ടത്തിലാക്കും. പിന്നീട് കോഴിക്ക് തൂക്കം വർദ്ധിക്കില്ലെന്ന് മാത്രമല്ല, കൂടുതൽ തീറ്റയും നൽകേണ്ടിവരും.
പച്ചപിടിക്കാത്ത പദ്ധതി
2017 നവംബറിലാണ് കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ കോഴി വളർത്തൽ യൂണിറ്റുകൾക്ക് നൽകി. വളർച്ചയെത്തുമ്പോൾ നിശ്ചിത തുക നൽകി തിരികെയെടുക്കുന്ന പ്രവർത്തനത്തിനായി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷനുമായും (കെപ്കോ) എറണാകുളം, കോട്ടയം ജില്ലകളിൽ മീറ്റ് പ്രോഡക്ട്സ് ഫ് ഇന്ത്യയുമായും (എം.പി.ഐ) ധാരണയിലെത്തി. താല്പര്യമുള്ള 545 കർഷകർക്ക് കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ടും (സി.ഇ.എഫ് ) നൽകി. ഉത്പാദനം മുതൽ വിപണനം വരെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കുടുംബശ്രീ ഇറച്ചിക്കോഴി കർഷകരെയും ഉൾപ്പെടുത്തി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും ആരംഭിച്ചിരുന്നു. പദ്ധതി ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.