പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്തിലെ നെടുമല കോളനി സമഗ്ര വികസന പദ്ധതി പട്ടിക ജാതി വകുപ്പ് മന്ത്രി എ.കെ ബാലൻ വീഡിയോ കോൺഫ്രൻസിലൂടെ നാടിന് സമർപ്പിച്ചു. ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നെടുമല കോളനിയിൽ നടപ്പിലാക്കിയത്. വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഇരുപതാം വർഡായ നെടുമല കോളനിയിൽ അറുപത്തി മൂന്ന് പട്ടിക ജാതി സമുദായത്തിൽപ്പെട്ട കുടുംബങ്ങൾ വസിക്കുന്നുണ്ട്. കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകിയതെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. ഭവനങ്ങളുടെ പുനരുദ്ധാരണം, സംരക്ഷണ ഭിത്തിയുടെ നിർമ്മാണം, ശുചിമുറി നിർമ്മാണം തുടങ്ങി പൊതുവായ ആവശ്യങ്ങൾക്കും പദ്ധതിയിൽ പരിഗണന നൽകി. പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള വിതരണത്തിനായി കിണറും പമ്പ് ഹൗസും സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടു നൽകിയ പേണാട്ട് പി.വി കുട്ടപ്പനെ ചടങ്ങിൽ ആദരിച്ചു. 18 കുടുംബങ്ങൾക്ക് കരിങ്കല്ല് കൊണ്ടുള്ള സംരക്ഷണ ഭിത്തിയും ഒരു കുടുംബത്തിന് കോണ്ക്രീറ്റ് സംരക്ഷണ ഭിത്തിയും നിർമ്മിച്ചു സുരക്ഷിതമാക്കി. കോളനിയിലെ 19 വീടുകൾ നവീകരിച്ചപ്പോൾ ഒരു വീടിന്റെ മേൽക്കൂര മാറ്റി സ്ഥാപിക്കുകയും ചെയ്തു. കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് ലിമിറ്റഡിന് വേണ്ടി എ.കെ കൺസ്‌ട്രക്ഷൻസാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് നൂർജഹാൻ സക്കീർ, വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു മാത്തറ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എ മുക്താർ, റംല ഷമീർ, പട്ടികജാതി വികസന ഓഫിസർ സിന്ധു വി, കെൽ പ്രതിനിധി പി.എ സുധീരൻ, അശോകൻ എൻ.വി, സി.കെ കുമാരൻ, ഷാഫി എ.എ, എം.കെ നാസർ, നാസർ കടവിൽ എന്നിവർ സംസാരിച്ചു.