കൊച്ചി : ദേശീയ ഹരിത ട്രൈബ്യൂണൽ ക്വാറികളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയെങ്കിലും നിലവിൽ പെർമിറ്റുള്ള ക്വാറികൾക്ക് രണ്ടാഴ്ചത്തേക്ക് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജൂലായ് 21ലെ ഉത്തരവിനെതിരെ കോഴിക്കോട് കുണ്ടുകടവിലെ ക്വാറി ഉടമ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നടപടി.
സ്‌ഫോടനത്തിലൂടെ പാറ പൊട്ടിക്കുന്ന ക്വാറികൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ ദൂരത്തിലും അല്ലാത്തവ 100 മീറ്റർ ദൂരത്തിലും പ്രവർത്തിക്കണമെന്നാണ് ട്രൈബ്യൂണൽ നിർദേശിച്ചത്. കേരളത്തിൽ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ ദൂരപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, ക്വാറി പെർമിറ്റും പാട്ടവും പുതുക്കാനുള്ള അപേക്ഷകളിലും പുതിയ ക്വാറികളുടെ പെർമിറ്റ് അപേക്ഷകളിലും ട്രൈബ്യൂണൽ പുതുക്കിനിശ്ചയിച്ച ദൂരപരിധി പാലിക്കണം. പുതുക്കിയ ദൂരപരിധി പാലിച്ചില്ലെന്ന ഒറ്റക്കാരണത്താൽ മാത്രം ക്വാറികളുടെ പാരിസ്ഥിതികാനുമതി, മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സി, എക്‌സ്‌പ്ളോസീവ് ലൈസൻസ്, തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് തുടങ്ങിയ അപേക്ഷകൾ നിരസിക്കരുതെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ഹർജികൾ നാളെ വീണ്ടും പരിഗണിക്കും.
പ്രായോഗികമല്ലെന്ന് സർക്കാർ
പുതിയ ദൂരപരിധി കേരളത്തിൽ പ്രായോഗികമല്ലെന്ന് സർക്കാർ വാദിച്ചു. ഖനനനിയമപ്രകാരം ദൂരപരിധി നിശ്ചയിക്കാൻ സർക്കാരിന് അധികാരമുണ്ട്. സുപ്രീംകോടതിയും ഇതു വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെയോ ഇതുമായി ബന്ധപ്പെട്ട വകുപ്പുകളെയോ കേൾക്കാതെ തീരുമാനമെടുത്തത് സ്വാഭാവികനീതിയുടെ നിഷേധമാണ്. കേരളത്തിൽ 720 ക്വാറികളാണുള്ളത്. ട്രൈബ്യൂണൽ ഉത്തരവു നടപ്പാക്കിയാൽ ഇവയിലേറെയും അടച്ചുപൂട്ടേണ്ടിവരും. പൊതു സ്വഭാവത്തിലുള്ള ഇത്തരം നിർദേശങ്ങൾ നൽകാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നും വ്യക്തമാക്കി.