കൊച്ചി : വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പത്തനംതിട്ട ചിറ്റാറിലെ കുടപ്പനക്കുളം അരീക്കാവ് പടിഞ്ഞാറേചരുവിൽ മത്തായി മരിച്ചത് കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെത്തുടർന്നാണെന്നും അന്വേഷണം സി.ബി.ഐക്കു വിടണമെന്നുമാവശ്യപ്പെട്ട് ഭാര്യ ഷീബമോൾ ഹൈക്കോടതിയിൽ ഹർജി നൽകി.
ജൂലായ് 28 നാണ് മണിയാർ തേക്ക് പ്ളാന്റേഷനിലെ കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മത്തായിയെ കസ്റ്റഡിയിലെടുത്തത്. ചിറ്റാറിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ വൈകിട്ട് ആറുമണിയോടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാത്രിയിൽതന്നെ ചിറ്റാർ പൊലീസ് കേസെടുത്തെങ്കിലും പത്തനംതിട്ട സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കുറ്റകൃത്യത്തെക്കുറിച്ച് വ്യക്തമായ മൊഴികളുണ്ടായിട്ടും പ്രതികളെന്നു സംശയിക്കുന്നവർക്കെതിരെ ഇതുവരെ കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. രാഷ്ട്രീയസ്വാധീനവും സംഘടനാബലവും ഉപയോഗിച്ച് പ്രതികൾ അന്വേഷണത്തിൽ ഇടപെടുന്നുണ്ട്. വധശിക്ഷവരെ ലഭിക്കാനിടയുള്ള ജാമ്യമില്ലാ കുറ്റമാണെന്നിരിക്കെ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല. ഇൗ സാഹചര്യത്തിൽ സി.ബി.ഐ ഉൾപ്പെടെയുള്ള ഏതെങ്കിലും ദേശീയ ഏജൻസി കേസന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെടുന്നു.