ആലുവ: വൃദ്ധ മാതാപിതാക്കൾക്കൊപ്പം കൊവിഡിനെ തോൽപ്പിച്ചെത്തിയ മേയ്ക്കപ്പ്മാന്റെ നവമാദ്ധ്യമങ്ങളിലെ വൈകാരിക കുറിപ്പ് വൈറലായി. ചികിത്സയിലിരിക്കെ സ്വന്തം പിതാവിനെ രണ്ടുവട്ടം 'കൊലചെയ്ത' നാട്ടുകാരായ ചിലർക്കെതിരായ ഹൃദയസ്പർശിയായ കുറിപ്പാണ്.
സിനിമാതാരം സിദ്ദിഖിന്റെ ഔദ്യോഗിക മേയ്ക്കപ്പുമാനും നിരവധി സിനിമകളിൽ മേയ്ക്കപ്പുമാനുമായി ചെയ്തിട്ടുള്ള ആലുവ തായിക്കാട്ടുകര ഓലിപ്പറമ്പിൽ ലിബിൻ മോഹനനാണ് കുറിപ്പിട്ടത്. കഴിഞ്ഞമാസം 23നാണ് ലിബിന്റെ പിതാവ് മോഹനന് (70) രോഗം സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം മാതാവ് ലീലക്കൊപ്പം ലിബിനും കൊവിഡ് പോസിറ്റീവായി.
കുറിപ്പ് ഇങ്ങനെ തുടരുന്നു: പിതാവ് ആശുപത്രിയിലായ ദിവസം ഉറങ്ങാനായില്ല. മനോവിഷമത്തിൽ മാതാവ് വല്ല കടുംകൈ ചെയ്യുമോ എന്നായിരുന്നു ആശങ്ക. എന്നാൽ അമ്മ അതിനൊന്നും മുതിർന്നില്ല. കാര്യങ്ങൾ ബോദ്ധ്യപെടുത്തിയപ്പോൾ അമ്മയും കട്ടയ്ക്ക് കൂടെ നിന്നു. ആശുപത്രിയിലായ ദിവസം മുതൽ പിതാവിനെ ഏല്ലാ ദിവസവും പലവട്ടം വിളിച്ച് മനോധൈര്യം നൽകി. അച്ഛന് വലിയ പേടിയായിരുന്നു. മരണത്തെ മുന്നിൽക്കണ്ട് കുട്ടികളെപ്പോലെയാണ് സംസാരിച്ചത്. ഞങ്ങളും അതേ രീതിയിൽ തിരിച്ചും സംസാരിച്ചു. അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. മെന്റൽ ഡിപ്രഷൻ എന്നൊക്കെ പറയാം. ഞാനും അമ്മയും രോഗബാധിതരായി മറ്റൊരു ആശുപത്രിയിലാണെന്നുപോലും അച്ഛനെ അറിയിച്ചില്ല. വീട്ടിൽ നിന്നാണ് വിളിക്കുന്നത് എന്ന രീതിയിലാണ് അച്ഛനുമായി ബന്ധപ്പെട്ടത്.
ഇതിനിടയിൽ നാട്ടിലെ കുറച്ച് പേർ അച്ഛനെ രണ്ടുവട്ടം കൊന്നു എന്നുള്ളതാണ് ഞങ്ങളെ വേദനിപ്പിച്ചത്. ചിലപ്പോൾ അവർക്ക് അതിൽ ഒരു മനസുഖം കിട്ടിക്കാണും എന്നു കരുതുന്നു. ഞാനുൾപ്പെടെ എല്ലാവരും ഒരു നാൾ ഈ ഭൂമിയിൽ നിന്നും തിരിച്ചുപോകും. അതിന് കാലനെ കൂട്ടുപിടിക്കുന്നവരെ കാണുമ്പോൾ എന്താ പറയുക. എന്നിങ്ങനെ തുടരുന്നു ലിബിന്റെ കുറിപ്പ്.
ആതുരസേവന രംഗത്തെ എല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. കൊവിഡ് 19 പോസിറ്റീവ് ആണെങ്കിൽ നമ്മൾ ഡബിൾ പോസിറ്റീവ് ആയാൽ മാത്രം മതി. കൊവിഡ് നെഗറ്റീവ് റിസൾട്ട് തരും. കൂടെ ഡോക്ടർമാരുടെ നിർദേശങ്ങളും പാലിക്കണം.