കൊച്ചി: രത്നവ്യാപാരി ഹരിഹരവർമ്മയെ കൊലപ്പെടുത്തിയ കേസിലെ ആദ്യ നാലു പ്രതികളായ തലശേരി എരഞ്ഞോളി സ്വദേശി എം. ജിതേഷ്, കോഴിക്കോട് കുറ്റ്യാടി സ്വദേശി അജീഷ്, തലശേരി നിർമ്മലഗിരി സ്വദേശി രാഖിൽ, ചാലക്കുടി സ്വദേശി രാകേഷ് എന്ന രാഗേഷ് എന്നിവർക്ക് വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. അഞ്ചാംപ്രതി കൂർഗിലെ സിദ്ധാപൂർ സ്വദേശി ജോസഫിനെ തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടു. 2014 മേയ് 12ന് തിരുവനന്തപുരം അഡി. സെഷൻസ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണിത്. കൊവിഡ് ഭീഷണിയെത്തുടർന്ന് ലോക്ക് ഡൗൺ നിയന്ത്രണമുണ്ടായിട്ടും തുറന്ന കോടതിയിൽ വാദംകേട്ടാണ് ഡിവിഷൻബെഞ്ച് വിധിപറഞ്ഞത്. കേസിലെ ആറാംപ്രതി ഹരിദാസിനെ വിചാരണക്കോടതി വെറുതേവിട്ടതിനെതിരെ സർക്കാർ ഉൾപ്പെടെ നൽകിയ അപ്പീലുകൾ തള്ളുകയും ചെയ്തു.