തൃക്കാക്കര : ജില്ലയിലെ പ്രധാന ക്ലസ്റ്റർ ആയിരുന്ന ആലുവയിൽ കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി കളക്ടർ എസ്. സുഹാസ് അറിയിച്ചു. ക്ലസ്റ്ററിലെ ഏതാനും ചില പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ രോഗവ്യാപനമുള്ളത്. എന്നാൽ പശ്ചിമ കൊച്ചി മേഖലയിൽ ആശങ്ക തുടരുകയാണ്. പ്രദേശത്തു ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിച്ചതും കൂടുതൽ സമ്പർക്കം കണ്ടെത്താൻ കഴിഞ്ഞതും നേട്ടമായി. ഒരു ഇടവേളക്ക് ശേഷം ചെല്ലാനം മേഖലയിലും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ചെല്ലാനം പഞ്ചായത്തിലെ 7, 8 വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. കിഴക്കൻ മേഖലയിൽ നെല്ലിക്കുഴി പഞ്ചായത്തിലും രോഗവ്യാപനം തുടരുകയാണ്. എടത്തല മേഖലയിലും നിയന്ത്രങ്ങൾ തുടരും. ജില്ലയിൽ സർക്കാർ ലാബുകളിൽ മൂന്ന് ആർ. ടി. പി. സി. ആർ ഉപകരണങ്ങളും ഒരു സി.ബി. നാറ്റ് മെഷീനും കൊവിഡ് പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്. ആന്റിജൻ പരിശോധനയും വ്യാപകമായി നടത്തുന്നുണ്ട്. ആലുവ ക്ലസ്റ്ററിൽ നിന്നും കളമശേരി, തൃക്കാക്കര പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാതെ നിയന്ത്രിക്കാൻ സാധിച്ചു. കൊച്ചി ക്ലസ്റ്ററിൽ രണ്ട് ആഴ്ചക്കുള്ളിൽ സ്ഥിതി നിയന്ത്രണ വിധേയമാവുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു. പത്ര സമ്മേളനത്തിൽ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.