കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയിലും മാനേജ്മെന്റ് കൈയിട്ടുവാരുന്നതായി ആക്ഷേപം. തൊഴിലാളികളിൽനിന്ന് പിരിച്ചെടുക്കുന്ന വിഹിതവും മാനേജ്മെന്റ് വിഹിതവും പെൻഷൻ സ്കീമിൽ അടയ്ക്കാതെ തിരിമറി നടത്തുകയാണെന്നാരോപിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് പ്രധാനമന്ത്രിക്ക് ഭീമഹർജി സമർപ്പിച്ചു.
2013 ഏപ്രിൽ 1 നുശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാരെ നാഷണഷണൽ പെൻഷൻ സ്കീം പരിധിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെയുള്ള 10394 ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് മാസംതോറും പിടിച്ച (10 ശതമാനം) വിഹിതവും മാനേജ്മെന്റ് വിഹിതവും ചേർത്ത് 155 കോടിരൂപ പെൻഷൻ പദ്ധതിയിൽ നിക്ഷേപിച്ചിട്ടില്ലെന്നാണ് സംഘടന ആരോപിക്കുന്നത്. ഇതിൽ ജീവനക്കാരുടെ വിഹിതം മാത്രം 77.5 കോടിരൂപയാണ്. ഈ തുക എന്തുചെയ്തുവെന്ന് വിശദീകരിക്കാൻപോലും മാനേജ്മെന്റ് തയ്യാറാകുന്നില്ല. എൻ.പി.എസിൽ പണം അടയ്ക്കാത്തതിനെക്കുറിച്ച് മുഖ്യമന്ത്രി, ഗതാഗതവകുപ്പ് മന്ത്രി, തൊഴിൽവകുപ്പ് മന്ത്രി, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർക്ക് പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും നൽകിയിട്ടില്ലെന്നും കെ.എസ്.ടി.ഇ.എസ് ഭാരവാഹികൾ പറഞ്ഞു.
നാഷണൽ പെൻഷൻ സ്കീം കേന്ദ്രാവിഷ്കൃതപദ്ധതി ആയതിനാലാണ് പ്രശ്നപരിഹാരം തേടി പ്രധാനമന്ത്രിക്ക് ഭീമഹർജി നൽകിയത്. എൻ.പി.എസിൽ അംഗമായ ഒരു ജീവനക്കാരൻ അടുത്തിടെ വിരമിച്ചെങ്കിലും കോർപ്പറേഷൻ കൃത്യമായി പണം അടയ്ക്കാതിരുന്നതുകൊണ്ട് പെൻഷൻ ലഭിച്ചില്ലെന്നും കെ.എസ്.ടി.ഇ.എസ് ഭാരവാഹികൾ ആരോപിച്ചു.