കൊച്ചി: നിർമാണകമ്പനിയുടെ തൊഴിലാളി താമസസ്ഥലത്ത് ഉറക്കത്തിൽമരിച്ചതിനെ തുടർന്ന് 40 അന്യസംസ്ഥാന തൊഴിലാളികളെ അധികൃതർ ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചു. എറണാകുളം കടവന്ത്ര വിദ്യാനഗറിലെ വർക്ക് സൈറ്റിനോടനുബന്ധിച്ച താമസസ്ഥലത്ത് ഇന്നലെ രാവിലെയാണ് പശ്ചിമബംഗാൾ സ്വദേശി രാജേഷിനെ (32) മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത പനി ബാധിച്ച ഇയാൾ ഉറക്കത്തിൽ മരണമടഞ്ഞെന്നാണ് മറ്റ് തൊഴിലാളികൾ മൊഴിനൽകിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.