പത്തനാപുരം : ഇന്ത്യയിൽ ഏറ്റവുമധികം അഗതികൾ ഒരുമിച്ചു വസിക്കുന്ന പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായം എത്തി.
ഭിന്നശേഷിക്കാരും മനസും ശരീരവും തകർന്ന് കിടപ്പായവരും കൈക്കുഞ്ഞു മുതൽ വയോജനങ്ങൾ ഉൾപ്പെടെ ആയിരത്തോളം അഗതികളടങ്ങുന്നതാണ് ഗാന്ധിഭവൻ കുടുംബം. ഇരുനൂറിലധികം പരിചാരകരും ഇവിടെയുണ്ട്.
വിവിധ ദേശങ്ങളിൽ നിന്നും ഗാന്ധിഭവൻ സന്ദർശിക്കാനെത്തുന്ന അനേകരുടെ കൊച്ചു സഹായങ്ങളാണ് ഗാന്ധിഭവനെ നിലനിർത്തിവന്നത്. പ്രതിദിനം മൂന്നുലക്ഷം രൂപയോളം ചെലവുമുണ്ട്. കൊവിഡ് കാലത്ത് എല്ലാ സഹായങ്ങളും പരിമിതപ്പെട്ടു. രണ്ട് കോടിയോളം കടബാദ്ധ്യതയിലുമായി. ഈ സാഹചര്യത്തിലാണ് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, മീഡിയ കോഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ ഗാന്ധിഭവനിലെത്തി നാല്പത് ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് കൈമാറിയത്.
കഴിഞ്ഞ ഏപ്രിലിലും യൂസഫലി ഗാന്ധിഭവന് ഇരുപത്തഞ്ച് ലക്ഷം സഹായം നൽകിയിരുന്നു.
പതിനഞ്ചുകോടിയിലേറെ ചിലവിൽ ആധുനിക സൗകര്യങ്ങളോടെ എം.എ.യൂസഫലി ഗാന്ധിഭവനിലെ അഗതികൾക്കായി നിർമ്മിച്ചുനൽകുന്ന മനോഹരമന്ദിരത്തിന്റെ പണികൾ ധൃതഗതിയിൽ നടക്കുകയാണ്. ഈ വർഷം തന്നെ ഉദ്ഘാടനം നടന്നേക്കും.