നിങ്ങൾക്കിതൊന്നു വൃത്തിയായി എഴുതിക്കൂടേ ? പലപ്പോഴും ഡോക്ടർ മരുന്നു കുറിച്ചു തരുന്ന പേപ്പർ നോക്കി മിക്കവരും ഇങ്ങനെ ചോദിച്ചിട്ടുണ്ടാവില്ലേ ? ഇതേ ചോദ്യമാണ് കഴിഞ്ഞ ദിവസം ഒഡിഷയിലെ ഹൈക്കോടതി ഡോക്ടർമാരോടു ചോദിച്ചത്. സർക്കാർ സർവീസിലും സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്യുന്ന ഡോക്ടർമാരോട് മരുന്നുകളുടെ പേര് ഇംഗ്ളീഷ് ക്യാപ്പിറ്റൽ ലെറ്ററിൽ വായിക്കാൻ കഴിയുന്ന തരത്തിൽ എഴുതണമെന്ന ശുപാർശയും കോടതി മുന്നോട്ടു വച്ചു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ 2016 സെപ്തംബറിൽ നൽകിയ നോട്ടിഫിക്കേഷനിലും ഡോക്ടർമാർ മരുന്നുകൾ കഴിയുന്നതും വലിയക്ഷരത്തിൽ വായിക്കാൻ കഴിയുന്ന തരത്തിൽ എഴുതാൻ പറയുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടർന്ന് ഇത്തരത്തിൽ സർക്കുലർ ഇറക്കാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കാൻ ഉത്തരവിന്റെ പകർപ്പ് ഒഡിഷ ചീഫ് സെക്രട്ടറിക്ക് കൈമാറാനും ജസ്റ്റിസ് സൻജീബ് കുമാർ പാണിഗ്രഹി നിർദ്ദേശിച്ചിട്ടുണ്ട്.
ഇതെന്തെഴുത്ത് ?
മയക്കുമരുന്നു കേസിൽ അറസ്റ്റിലായ കൃഷ്ണപദ് മണ്ഡൽ എന്ന പ്രതിയുടെ ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി ഡോക്ടർമാരുടെ കൈയക്ഷരത്തിൽ കുഴങ്ങിയത്. കൃഷ്‌ണപദ് മണ്ഡലിന്റെ ഭാര്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണെന്നും ഇവർക്ക് ചികിത്സ ലഭ്യമാക്കാൻ തനിക്ക് ഇടക്കാല ജാമ്യം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയും കുടുംബവും ബെരാംപൂരിലാണ് താമസം. ഹൃദ്രോഗബാധയും ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങളും നിമിത്തം ഭാര്യയെ സ്വകാര്യ ആശുപത്രിയിലാക്കിയെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. തുടർന്ന് കോടതി പ്രതിയുടെ ഭാര്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്ന് രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് സമർപ്പിച്ച റിപ്പോർട്ടുകളാണ് കോടതിയെ വലച്ചത്. രോഗാവസ്ഥ, കുറിച്ച മരുന്നുകൾ, നിലവിലെ സ്ഥിതി തുടങ്ങിയ വിവരങ്ങളൊക്കെ വിശദമായി എഴുതിയിട്ടുണ്ടെങ്കിലും പരിതാപകരമായ കൈയക്ഷരത്തിലാണ് കുറിപ്പുകൾ. സാധാരണക്കാരനു മാത്രമല്ല, വിഷയം പരിഗണിക്കുന്ന ജഡ്ജിക്കു പോലും വായിച്ചെടുക്കാൻ കഴിയാത്തത്ര മോശമായ കൈയക്ഷരം. എന്താണെഴുതിയിരിക്കുന്നതെന്ന് മനസിലാക്കാൻ ഹർജിക്കാരന്റെ അഭിഭാഷകനുൾപ്പെടെ കോടതിയെ സഹായിക്കേണ്ടി വന്നു. ഭാര്യയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് കൃഷ്‌ണപദ് മണ്ഡലിന് ഒരുമാസത്തെ ഇടക്കാല ജാമ്യം നൽകിയ ഹൈക്കോടതി പക്ഷേ കേസ് അവിടക്കൊണ്ട് അവസാനിപ്പിച്ചില്ല. വായിക്കാനാവാത്ത തരത്തിൽ കുത്തി കുറിച്ചെഴുതുന്ന മരുന്നുകളും റിപ്പോർട്ടുകളും കോടതിയെ മാത്രമല്ല, ഫാർമസിസ്റ്റുകൾ, രോഗികൾ, പൊലീസ് തുടങ്ങിയവർക്കൊക്കെ തലവേദനയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരിക്കുകളെ കുറിച്ച് സമർപ്പിക്കുന്ന റിപ്പോർട്ടുകളിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലുമൊക്കെ ഇൗ ദയനീയ സ്ഥിതിയുണ്ട്. ഒരു മെഡിക്കൽ റിപ്പോർട്ട് ഒരിക്കലും സംശയത്തിനോ വ്യാഖ്യാനങ്ങൾക്കോ ഇട നൽകരുതെന്നിരിക്കെ ഇത്തരം കുറിപ്പുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കും. ചില ഡോക്ടർമാർക്ക് തങ്ങൾ എഴുതിയതെന്താണെന്ന് പിന്നീടു വായിക്കാനാവാതെ പോയ സാഹചര്യങ്ങളുമുണ്ട്. ഇത്തരത്തിലുള്ള കുറിപ്പടികൾ കാരണം അനാവശ്യമായ ടെസ്റ്റുകൾക്കു വിധേയാരാകേണ്ടി വരാം. അനാവശ്യ മരുന്നുകൾ കഴിക്കേണ്ടി വരാം. ഇവയൊക്കെ ആരോഗ്യപരമായ അപകടങ്ങൾക്ക് വഴിയൊരുക്കും. മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മെഡിക്കൽ കുറിപ്പടികൾ വൃത്തിയായി വായിക്കാൻ കഴിയുന്ന തരത്തിൽ എഴുതണമെന്ന് നിഷ്കർഷിക്കുന്ന സർക്കുലറുകൾ ഇറക്കിയിട്ടുണ്ടെന്നും കോടതി വിലയിരുത്തി.
സേവനം മഹത്തരം
കൈയക്ഷരത്തിന്റെ പേരിൽ വിമർശിക്കുമ്പോഴും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുൾപ്പെടെ ഡോക്ടർമാർ വഹിക്കുന്ന സ്തുത്യർഹമായ സേവനത്തെ വിധിയിൽ പ്രകീർത്തിച്ചിട്ടുണ്ട്. ഇൗ ദുരിത കാലത്തെ നേരിടുന്നതിന് മുൻ നിരയിലുള്ള ഡോക്ടർമാരുടെ സേവനത്തെ രാജ്യമൊട്ടാകെ സല്യൂട്ട് ചെയ്യുന്നു. അവർ ത്യാഗമനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നതെന്നതിൽ തർക്കമില്ല. സമൂഹത്തിൽ അവർക്കുള്ള സ്ഥാനവും അതുല്യമാണ്. എങ്കിലും കൈയക്ഷരം കൂടി അവർ പരിഗണിക്കണം-ഹൈക്കോടതി പറയുന്നു.