കൊച്ചി: കൊവിഡിന്റെ പേരിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കൈത്തറി മേഖലയെ ചേർത്ത് നിർത്തി സർക്കാർ. തൊഴിലാളി പെൻഷൻ ഇനത്തിൽ ഈവർഷം 10,400 രൂപ വീതം നൽകി. ജുലായ് - ആഗസ്റ്റിലെ പെൻഷൻ 2,600 രൂപ ഓണത്തോടനുബന്ധിച്ചു നൽകാൻ നടപടി സ്വീകരിച്ചു. ക്ഷേമബോർഡ് അംഗങ്ങൾക്ക് 2,000 രൂപ കൊവിഡ് സഹായമായി നൽകി.എറണാകുളം ജില്ലയിലെ കൈത്തറി സംഘങ്ങൾക്ക് രണ്ട് വർഷത്തെ റിബേറ്റ് ഇനത്തിൽ ഒരു കോടിയോളം രൂപ അനുവദിച്ചു. എല്ലാ കൈത്തറി സംഘങ്ങൾക്കും ഓണത്തിന് ബോണസ് ഉൾപ്പെടെ ആനുകൂല്യങ്ങളും നൽകാൻ കഴിയുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ റിബേറ്റ് കുടിശിക മുഴുവൻ കൊടുത്തു. സ്‌കൂൾ യൂണിഫോം പോലെ കൈത്തറി പ്രോത്സാഹന പരിപാടികൾ നടപ്പിലാക്കി തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തി. കഴിഞ്ഞ സർക്കർ നടപ്പിലാക്കാതെയിരുന്ന മിനിമം വേജ് കൈത്തറി മേഖലയിൽ നടപ്പിലാക്കിയെന്ന് ജില്ലാ കൈത്തറിസംഘം അസോസിയേഷൻ സെക്രട്ടറി ടി.എസ്. ബേബി പറഞ്ഞു.