ആലുവ: കൊവിഡ് രോഗ വ്യാപനത്തിൽ നിന്നും ആലുവ നഗരം മോചിതമായിട്ടും ദേശീയപാതയിലെ നിയന്ത്രണം നീക്കാത്തത് ജനത്തെ വലക്കുന്നു. ആലുവ നഗരസഭയിലെ ട്രഷറി 15 -ാം വാർഡും തൃക്കുന്നത്ത് 19 -ാം വാർഡും മാത്രമാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണിന്റെ പരിധിയിലുള്ളത്. മറ്റ് വാർഡുകളെല്ലാം ഒരാഴ്ച്ചയിലേറെയായി സാധാരണ നിലയിലാണ്.
എന്നാൽ കളമശേരി ഭാഗത്ത് നിന്നും ആലുവ നഗരത്തിലേക്ക് വരുന്നവർക്ക് ഏറെ ദുരിതം അനുഭവിക്കേണ്ട സാഹചര്യമാണ്. പുളിഞ്ചോട്, ബൈപ്പാസ് എന്നീ ഭാഗങ്ങളിൽ നിന്നും നഗരത്തിലേക്ക് തിരിയുന്ന ഭാഗത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കെട്ടിയ പ്ളാസ്റ്റിക്ക് വള്ളികൾ ഇപ്പോഴും നീക്കിയിട്ടില്ല. ഇതുമൂലം കളമശേരി ഭാഗത്ത് നിന്നും വരുന്ന ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവ മാർത്താണ്ഡ വർമ്മ പാലവും കടന്ന് തോട്ടക്കാട്ടുകര സിഗ്നലിൽ യു ടേൺ ചെയ്ത് ബൈപ്പാസ് വഴി വേണം നഗരത്തിലെത്താൻ. മാത്രമല്ല, ബൈപ്പാസിൽ പോലും നേരായ വഴിയിലൂടെ നഗരത്തിലേക്ക് ഇറങ്ങാൻ കഴിയില്ല. ഇവിടെയും പ്ളാസ്റ്റിക്ക് ചരട് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പൊലീസിന്റെ ട്രാഫിക്ക് ഐലന്റ് കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് നഗരത്തിൽ പ്രവേശിക്കണം.
ബൈപ്പാസ് ഭാഗത്തെവിടെയെങ്കിലും കണ്ടെയ്ൻമെന്റ് സോൺ ഉണ്ടെങ്കിൽ ഈ നിയന്ത്രണം കൊണ്ട് ഗുണമുണ്ടാകും. യാതൊരു ഗുണവും ഇല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന്റെ കാരണമാണ് തിരയുന്നത്. ഇതുമൂലം അത്യാവശ്യ സമയങ്ങളിൽ ജില്ലാ ആശുപത്രികളി, ചുണങ്ങംവേലി രാജഗിരി ആശുപത്രി, കാരോത്തുകുഴി, ലക്ഷ്മി ആശുപത്രി എന്നിവിടങ്ങളിലേക്ക് വരുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഈ ഭാഗങ്ങളിൽ നിന്നും നിത്യേന ജോലിക്ക് വരുന്നവരും അനാവശ്യമായി ദേശീയപാത കറങ്ങുന്നതിൽ അസംതൃപ്തരാണ്.
നിയന്ത്രണം നീക്കണം: യൂത്ത് കോൺഗ്രസ്
ദേശീയപാതയിൽ പുളിഞ്ചോട്, ബൈപ്പാസ് എന്നിവിടങ്ങളിലെ അനാവശ്യ ഗതാഗത നിയന്ത്രണം അടിയന്തരമായി നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് ആവശ്യപ്പെട്ടു. നഗരത്തെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും നീക്കിയിട്ടും ജനത്തെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.