കൊച്ചി: കൊവിഡ് പ്രതിരോധം സംബന്ധിച്ച വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് സ‌ർക്കാരിനെതിരായ തങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെയും ഐ.സി.എം.ആറി ന്റെയും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്ക് പരിശോധിച്ചാൽ തന്നെ സർക്കാരിന്റെ കള്ളക്കളി ബോദ്ധ്യമാകും. കൊവിഡ് മരണസംഖ്യ കുറച്ചുകാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ജനങ്ങളുടെ ജീവൻ പന്താടുന്ന തരത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരീക്ഷണങ്ങൾ നടത്തുന്നത്.

സ്പ്രിൻക്ളർ ഇടപാടിലൂടെ ജനങ്ങളുടെ ഡാറ്റ മറിച്ചുവിൽക്കാൻ ശ്രമിച്ച സർക്കാർ ഇപ്പോൾ രോഗികളുടെ ഫോൺ ഡാറ്റ ശേഖരിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം. സുപ്രീംകോടതി വിധിപോലും ലംഘിച്ചാണ് രോഗികളുടെ ഫോൺരേഖകൾ ശേഖരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യതയ്ക്ക് മേൽ കടന്നുകയറാൻ സർക്കാരിനെ അനുവദിക്കില്ലെന്നും തീരുമാനം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ കടുത്ത നിലപാട് എടുക്കാൻ യു.ഡി.എഫ് നിർബന്ധിതമാകുമെന്നും ബെന്നി ബഹനാൻ മുന്നറിയിപ്പ് നൽകി.