 
പറവൂർ: നൂറുകണക്കിനു പേർ ദിനംപ്രതിയെത്തുന്ന പറവൂർ സബ് ട്രഷറി കെട്ടിടം ജീർണാവസ്ഥയിൽ. അകത്ത് ചോർച്ചയാണെങ്കിൽ പുറത്ത് ചെളിക്കുണ്ട്. ഇതാണ് കെട്ടിടത്തിനകത്തേയും പുറത്തേയും അവസ്ഥ. പുതിയ കെട്ടിടം നിർമിക്കാനുള്ള ശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും എങ്ങുമെത്താത്ത അവസ്ഥയിലാണ്. 
നാലു മുറികളുള്ള കെട്ടിടത്തിൽ പതിനഞ്ചോളം ജീവനക്കാരുണ്ട്. പെൻഷൻ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവർക്ക് ആവശ്യമായ സൗകര്യമില്ല. മാസാദ്യത്തിൽ പെൻഷൻ വാങ്ങാൻ വരുന്നവരിൽ മൂന്നിലെന്നു പേർക്കേ ഇരിക്കാനുള്ള സൗകര്യമുള്ളൂ.
അകത്തേയും പുറത്തും വെള്ളക്കെട്ട്
മഴപെയ്താൽ അകത്ത് പലഭാഗത്തും ചോർച്ചയാണ്. ചവിട്ടുപടി തെട്ട് വെള്ളക്കെട്ടും. ചെളിചവിട്ടി എത്തുന്നവർ അകത്ത് കയറായാൽ പിന്നെ അകത്തും ചെളിയായി. പിന്നെ തെറ്റിവീഴാതെ നോക്കേണ്ടത് സ്വന്തം ഉത്തരവാദിത്വം. പെൻഷൻ വാങ്ങാൻ എത്തുന്നർ പ്രായമുള്ളവരാണ്. ഇവർ ഒരുകണക്കിനാണ് ട്രഷറിയിൽ നിന്നും പെൻഷൻവാങ്ങി പുറത്തിറങ്ങുന്നത്.
പുതിയ കെട്ടിടം ഇനിയും വൈകും
നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിനു കാലപ്പഴക്കത്തിന്റേതായ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. കെട്ടിടത്തിലെ കോൺക്രീറ്റുകൾ അടർന്നു വീഴുന്നു. കെട്ടിടത്തിന്റെ മുകളിൽ കാടും പടലും പിടിച്ചുതുടങ്ങി. പുതിയ സബ് ട്രഷറി കെട്ടിടം നിർമിക്കാൻ സർക്കാർ പതിനെഞ്ച് സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ വൈകുകയാണ്.