kolani
വെള്ളക്കെട്ടിലായ ആ നിക്കാക്കുടി കോളനി.

മൂവാറ്റുപുഴ: നഗരസഭയിലെ ആനിക്കാക്കുടി കോളനിക്കാരുടെ ദുരിതത്തിന് എന്ന് പരിഹാരമാകും. വെള്ളം കയറി വെള്ളമിറങ്ങി. വെളളക്കെട്ട് നീങ്ങാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. മൂവാറ്റുപുഴയാറിനോട് ചേർന്നു കിടക്കുന്ന കോളനിയുടെ സമീപത്തെ തോട് സ്വകാര്യ വ്യക്തികൾ കൈയേറി മൂടികളഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. കനത്ത മഴ പെയ്താൽ വെള്ളക്കെട്ട് രൂപപെടുന്ന ഇവിടെ വെള്ള പൊക്കം കൂടിയായപ്പോൾ കൂടുതൽ ദുരിതമായി. കോളനി വാസികൾക്ക് പങ്കില്ലാത്ത തോടു നികത്തലിന്റെ പാപഭാരം പേറി കോളനിവാസികൾ ജീവിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അടുത്ത വെള്ളം കയറുന്നതോടെ സമീപത്തെ ദുരിതാശ്വാസക്യാമ്പില്ലേക്ക് ഇനിയും പോകണോയെന്ന ആശങ്കയിലാണ് ഇവർ. കോളനി വാസികളിൽ ചിലർ വീടുപേക്ഷിച്ചു പോയി. സമീപ പ്രദേശങ്ങൾ മണ്ണിട്ടുയർത്തി കെട്ടിടങ്ങൾ നിർമ്മിച്ചതോടെയാണ് ഇവിടേക്ക് വെള്ളം ഒഴുകിയെത്തുന്നതെന്ന് കോളനി വാസികൾ പറഞ്ഞു.

വീട്ടിലേക്ക് മാറാനാകാതെ ആറ് കുടുംബങ്ങൾ

മൂവാറ്റുപുഴയാറിലെ ജലനിരപ്പുയർന്നാൽ ആദ്യം വെള്ളം കയറുന്നത് നഗരസഭയിലെ 24ാം വാർഡിൽപ്പെട്ട ആനിക്കാക്കുടി കോളനിയിലാണ്. ഇരുപത്തിയഞ്ച് കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ കഴിഞ്ഞ ദിവസമുണ്ടായ വെള്ളപൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ 6 കുടുംബങ്ങൾക്ക് ഇനിയും വീടുകളിലെത്താൻ കഴിഞ്ഞിട്ടില്ല. ഇവരുടെ വീടുകളിലെ വെള്ളക്കെട്ട് മാറാത്തതാണ് കാരണം.