 
പറവൂർ: പ്രളയമുന്നൊരുക്കത്തിന്റെ ഭാഗമായി നഗരസഭയും ഫയർഫോഴ്സും എട്ടാം വാർഡിലെ സൗഹൃദ കൂട്ടായ്മയും ചേർന്ന് ഡ്രം റാഫ്റ്റ് നിർമ്മിക്കുന്നു. വെള്ളം പൊങ്ങിയാൽ ആളുകളെ മാറ്റുന്നതിനായി രണ്ട് ഡ്രം റാഫ്റ്റാണ് നിർമ്മിക്കുന്നത്. ബോട്ടിന്റെ മാതൃകയിൽ പൈപ്പ് വെൽഡ് ചെയ്തു പ്ലാറ്റ്ഫോം നിർമ്മിച്ചു അടിയിൽ ഡ്രം ഘടിപ്പിക്കും. കയറുന്നവർക്ക് പിടിച്ചു നിൽക്കുന്നതിനായി ചുറ്റും കൈവരികൾ ഉണ്ടാകും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനാൽ ആളുകളെ കയറ്റി നിർത്തി തുഴഞ്ഞുകൊണ്ടുപോകാനും തള്ളിക്കൊണ്ടുപോകാനും കഴിയും. നിർമാണത്തിന് ആവശ്യമായ ഡ്രമ്മുകൾ സൗഹൃദ കൂട്ടായ്മ വാങ്ങി നൽകി. മാസങ്ങൾക്ക് മുമ്പ് പറവൂർ ഫയർഫോഴ്സ് സ്വന്തം നിലയിൽ ഒരു ഡ്രം റാഫ്റ്റ് നിർമിച്ചിരുന്നു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫയർസ്റ്റേഷൻ ഓഫീസർ വി.ജി. റോയിയുടെ നേതൃത്വത്തിൽ രണ്ടു ഡ്രം റാഫ്റ്റു കൂടി നിർമ്മിക്കുന്നത്.