കൊച്ചി: പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം (ഇ.ഐ.എ നോട്ടിഫിക്കേഷൻ 2020) ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുന്ന ഈ സമയത്ത് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം പരിസ്ഥിതി നിയമങ്ങളെ വെല്ലുവിളിക്കുന്നതും പരിസ്ഥിതിയെ പൂർണമായും തകർക്കുന്നതുമാണ്. പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന മാനദണ്ഡം ഒഴിവാക്കപ്പെടുന്നത് സ്ഥാപിത താത്പര്യക്കാർക്ക് പരിസ്ഥിതിയെ ചൂഷണം ചെയ്യാനുള്ള സാദ്ധ്യതകൾക്ക് നിയമപരമായ അംഗീകാരം കൊടുക്കുന്നതാണെന്നും ഇത് എത്രയുംവേഗം പിൻവലിക്കണമെന്നും സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ചൂണ്ടിക്കാട്ടി.
ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, എം.എസ് ഗണേശ്, ഡോ.അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ഡോ.പി.വി. പുഷ്പജ, അഡ്വ: ജി. മനോജ് കുമാർ, മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.