chaal

മട്ടാഞ്ചേരി: ചാള പ്രിയർക്ക് സന്തോഷിക്കാം. നമ്മുടെ ചാള എങ്ങും പോയിട്ടില്ല. കേരള തീരത്ത് സുലഭം. ട്രോളിംഗ് നിരോധനത്തിന് ശേഷം കൊച്ചി തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്കെല്ലാം വല നിറയെ ചാള ചാകര ! ഏതാനും ആഴ്ച മുമ്പാണ് കേരള തീരത്ത് നിന്നും ചാള അപ്രത്യക്ഷമാകുന്ന എന്ന വിവിധ സമുദ്ര മത്സ്യഗവേഷകരുടെ പഠനങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ ഈ കണ്ടെത്തലുകളെയെല്ലാം ചാളയുടെ വരവോടെ തരിപ്പണമായി.എറണാകുളം ജില്ലയിലെ മുനമ്പം,കാളമുക്ക് കൊല്ലം ജില്ലയിലെ നീണ്ടകര എന്നിവിടങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്കാണ് വലനിറയെ ചാള ലഭിച്ചത്. ജില്ലയിൽ കിലോക്ക് 200 രൂപയാണ് ചാളയുടെ വില. ഒരാഴ്ച മമ്പ് വരെ 300രൂപയ്ക്ക് മുകളിലായിരുന്നു നിരക്ക്. മത്തിക്ക് പുറമെ നത്തോലിയും വൻതോതിൽ ലഭിക്കുന്നുണ്ട്. എന്നാൽ കിളിമീൻ, കണവ എന്നിവ നന്നേ കുറവാണ്. അതിനാൽ ഇവയുടെ വിലയിൽ കുറവ് വന്നിട്ടില്ല. എന്നാൽ അലയ വില മുകളിലേക്ക് കുതിക്കുകയാണ്. മാർക്കറ്റുകൾ സജീവമല്ലെങ്കിലും പുലർച്ചെ വിവിധ ജംഗ്ഷനുകൾ കേന്ദ്രീകരിച്ചും ട്രോളികളിലും പെട്ടിഓട്ടോറിക്ഷകളിലുമാണ് വില്പന പൊടിപൊടിക്കുന്നത്.കൊവിഡ് സമ്പർക്ക ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ തോപ്പുംപടി ഫിഷറീസ് ഹാർബർ, ചെല്ലാനം ഹാർബർ എന്നീ ഹാർബറുകൾ അടഞ്ഞു കിടക്കുകയാണ്.