thakara
തകര

വില കെട്ടിന് 20 രൂപ

കോലഞ്ചേരി: തകരാതെ 'തകര' കർക്കിടകത്തിലെ തീൻമേശകൾ കീഴടക്കുന്നു. അടുത്തകാലം വരെ പറമ്പിൽ ആർക്കും വേണ്ടാതെ കിടന്നിരുന്ന തകരയാണ് ഇന്ന് വിപണിയിലെ താരം. നഗരങ്ങളിലെ പച്ചക്കറിക്കടകളിൽ നേരത്തെ സ്ഥാനംപിടിച്ചെങ്കിലും, നാട്ടിൻപുറത്തെ കടകളിൽ വി.ഐ.പിയാകുന്നത് ഇതാദ്യം.ഒട്ടേറെപ്പേർ ഇപ്പോൾ തകര അന്വേഷിച്ചെത്തുന്നതായി കച്ചവടക്കാർ പറയുന്നു. കൊവിഡ് പാശ്ചാത്തലത്തിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ഇലക്കറികൾ ഉത്തമമാണെന്ന പ്രചാരണം ശക്തമായതും തകരയുടെ ഡിമാൻഡ് കൂട്ടാനിടയാക്കി. കു​റ്റിച്ചെടിയായി വളരുന്ന തകരയുടെ തളിരിലകളാണ് ഭക്ഷ്യയോഗ്യം. കുന്നിടിക്കലും വയൽനികത്തലും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇടവഴികളും റോഡരികുകളും വ്യാപകമായി വെട്ടിത്തെളിച്ചതും തകരയുടെ നാശത്തിന് വഴിവെച്ചുവെങ്കിലും മഴയ്ക്ക് താത്കാലിക വിരാമമായതോടെ തകര തഴച്ചു വളരുകയാണ്. ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രദാനം ചെയ്യുന്നതാണ് തകര.ഉപ്പേരിയായും കറിയായും, ഔഷധത്തെ അകത്താക്കാം.വേര് , വിത്ത്, ഇല എന്നിവയുടെ മരുന്നായുള്ള ഉപയോഗം ആയുർവേദ വിധിയനുസരിച്ചാവണമെന്നുമാത്രം.

രോഗങ്ങളകറ്റാൻ ഉത്തമം

ആയുർവേദത്തിൽ ചർമ്മരോഗം, പിത്തം, കഫം, വാതം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങൾ, രക്തദോഷം എന്നിവയ്ക്ക് തകര സമൂലം ഉപയോഗിക്കാറുണ്ട്. ദുർഗന്ധം വമിക്കുന്ന വൃണങ്ങൾ ശമിപ്പിക്കാൻ തകരയില ആവണക്കെണ്ണയിൽ അരച്ച് പുരട്ടാറുമുണ്ട്.കരളിനെയും, കണ്ണിനെയും ത്വക്കിനെയും സംരക്ഷിക്കാനും തലവേദനയെയും,രക്താദിമർദത്തെയും, മലബന്ധത്തെയും വിട്ടുമാറാത്ത ചൊറിയെയും അകറ്റാനും ഉപയോഗിക്കുന്നുണ്ട്.

തീൻമേശയിലെ താരം

നാട്ടിലെ പറമ്പുകളിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു വന്നത്. കർക്കടകത്തിൽ പത്തില കഴിക്കണം എന്നാണു ചൊല്ല്. തൊടികളിൽ ആർക്കും വേണ്ടാതെ വളരുന്ന താളിനും തകരയ്ക്കുമൊക്കെ ഭക്ഷണമേശയിലേക്കു സ്ഥാനക്കയ​റ്റം കിട്ടുന്ന നാളുകളാണിത്.