ആലുവ: കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി കരസ്പർശമില്ലാതെ പ്രവർത്തിക്കുന്ന സാനിറ്റൈസർ ഡിസ്‌പെൻസർ ആലുവ സബ് ജയിലിൽ സ്ഥാപിച്ചു. ലയൺസ് ക്ലബ് ഒഫ് ആലുവ മെട്രൊയാണ് ഡിസ്‌പെൻസർ നൽകിയത്.
ജില്ലയിൽ വിവിധ കേസുകളിൽ പിടിയിലാകുന്ന പ്രതികളെ കൊവിഡ് പരിശോധനാർഥം ആലുവ സബ് ജയിലിലാണു പാർപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ഇത്തരത്തിൽ ഇവിടെ പാർപ്പിച്ചിരുന്ന ഒരു തടവുകാരനും അയാളിൽ നിന്നും ജയിൽ ജീവനക്കാരനും കൊവിഡ് ബാധിച്ചിരുന്നു. തുടർന്ന് പൂർണമായും അടച്ച ജയിൽ അണുവിമുക്തമാക്കിയ ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ചയാണു തുറന്നത്. ഈ സാഹചര്യം മനസിലാക്കിയാണു ലയൺസ് ക്ലബ് ഒഫ് ആലുവ മെട്രൊ ഒരു ഓട്ടൊമാട്ടിക് സാനിറ്റൈസർ ഡിസ്‌പെൻസർ സൗജന്യമായി നൽകിയത്. ലയൺസിന്റെ വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ.ജോസഫ് മനോജ് ഓട്ടൊമാട്ടിക് സാനിറ്റൈസർ ഡിസ്‌പെൻസർ ആലുവ സബ് ജയിൽ സൂപ്രണ്ട് സുരേഷ് ബാബുവിനു കൈമാറി. തദവസരത്തിൽ ലയൺസ് ക്ലബ്ബ് മേഘലാ ചെയർപേഴ്‌സൺ മനേഷ് പി. കുമാർ, പ്രസിഡന്റ് കെ.വി. പ്രദീപ് കുമാർ, തോമസ് മാത്യു, അച്ച്യുത കുമാർ, രമേഷ്, മറ്റു ജയിൽ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.