കൊച്ചി: മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്ക് ചികിത്സാ ആനുകൂല്യമായി വർഷംതോറും ഒരു ലക്ഷംരൂപ വരെ ലഭിക്കുന്ന നിരാമയ ഇൻഷ്വറൻസ് ക്യാഷ്ലെസ് പദ്ധതിയാക്കണമെന്ന് തണൽ പരിവാർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ, സർക്കാർ ആശുപത്രികളിലും ഇതിന്റെ പരിരക്ഷ ലഭിക്കും. എന്നാൽ ചികത്സ കഴിഞ്ഞാൽ നിരാമയ പദ്ധതി നടപ്പാക്കുന്ന കേന്ദ്രങ്ങളിലേയ്ക്ക് ബില്ലുകൾ അയച്ച് പണത്തിനായി കാത്തിരിക്കേണ്ട ഗതികേടിലാണ് ഭിന്നശേഷി കുടുംബങ്ങൾ. കടംവാങ്ങിയും പലിശക്കെടുത്തും ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്ന കുടുംബങ്ങളെ ഇത് ബുദ്ധിമുട്ടിലാക്കുന്നു. മൂന്ന് ലക്ഷം രൂപയുടെ ചികിത്സ ആനുകൂല്യമാക്കി തുക വർദ്ധിപ്പിക്കുകയും മക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന രക്ഷിതാക്കൾക്കും നിരാമയ ബാധകമാക്കണമെന്നും തണൽ പരിവാർ സംസ്ഥാന കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് അംബിക ശശി,ജനറൽ സെക്രട്ടറി കെ.എം.നാസർ, ബേബിവായ്ക്കര, സ്മിത ബിനു, ഷമീന സക്കീർ, ടി.പി. ഏലിയാസ്, സാജിത അലി, ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.