പള്ളുരുത്തി: കടലാക്രമണത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട് ചെല്ലാനത്തെ അങ്കണവാടിയിൽ കഴിയുന്ന ആന്റണിക്കും കുടുംബത്തിനും വീടെന്ന സ്വപ്നം കൂടി യാഥാർത്ഥ്യമാകുന്നു. റോട്ടറി ക്ലബാണ് വീട് നിർമ്മിച്ചു നൽകുന്നത്. ചോര നീരാക്കി പണിതുയർത്തിയ ചെറിയ വീടും വീട്ടു സാധനങ്ങളും കടലെടുത്ത് അങ്കണവാടിയിൽ കഴിഞ്ഞ ആന്റണിയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതം കേരളകൗമുദിയാണ് ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെ എഴുപുന്ന സ്വദേശി നെടുമ്പിള്ളി സേവ്യർ വീടുവയ്ക്കാൻ മൂന്ന് സെന്റ് സ്ഥലം നൽകി. എന്നാൽ ഒരു കൂര വച്ചുകെട്ടാൻ പോലും സാമ്പത്തികമായി ശേഷിയില്ലാത്ത ആന്റണിക്ക് അടച്ചുറപ്പുള്ള വീടെന്നത് സ്വപ്നമാത്രമായിരുന്നു. ഈ വിവരം അറിഞ്ഞാണ് റോട്ടറി ക്ലബ് സഹായവുമായി മുന്നോട്ട് വന്നത്. സേവ്യർ നൽകിയ ഭൂമിയുടെ രജിസ്ട്രേഷൻ ഇന്ന് നടക്കും. ഫോർമർ ലീഡേഴ്സ് ഫോറമാണ് ഇതിന്റ ചെലവുകൾ വഹിക്കുന്നത്. രോഗബാധിതനായി ആന്റണി മത്സസ്യ ബന്ധനം നടത്തിയായിരുന്നു കുടുംബത്തിന്റെ അരവയർ നിറച്ചിരുന്നത്. ആന്റണിക്ക് വീടുവയ്ക്കാൻ സ്ഥലം നൽകിയ സേവ്യറിനെ കൊച്ചി തഹസിൽദാർ സുനിത പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ സി.സി.ജോർജ്, ബിനീഷ് ചക്കാലക്കൽ, ഫിലിപ്പ് റോഷൻ, നെൽസൻ കോച്ചേരി, ജോൺസൺ ജോസ് എന്നിവരും സംബന്ധിച്ചു.