swapna-suresh

കൊച്ചി : സ്വപ്‌ന സുരേഷ് തയ്യാറല്ലായിരുന്നെങ്കിൽ നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് നടക്കുമായിരുന്നില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡിഷണൽ സി.ജെ.എം കോടതി നിരീക്ഷിച്ചു. സ്വർണക്കടത്തു കേസിലെ മൂന്നാംപ്രതി സ്വപ്ന സുരേഷ്, എട്ടാംപ്രതി മലപ്പുറം ഇ. സെയ്തലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഇത് പറഞ്ഞത്.

കൊവിഡ് വ്യാപനം തടയാൻ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരത്ത് നിന്ന് കാറിൽ കൊച്ചിയിലേക്ക് ഒളിച്ചുകടന്ന സ്വപ്ന ഇവിടെ താമസിച്ചെന്നും, പിന്നീട് സന്ദീപ് നായർക്കൊപ്പമാണ് റോഡ് മാർഗം ബംഗളൂരുവിലേക്ക് കടന്നതെന്നും പ്രോസിക്യൂഷൻ പറയുന്നു. ഒളിവിൽ പോയ ഇരുവരെയും കണ്ടെത്താൻ ഫോട്ടോകളും വീഡിയോയും വ്യാപകമായി പ്രചരിപ്പിച്ച സമയത്തും ചെക്ക് പോസ്റ്റുകളിൽനിന്ന് സഹായം ലഭിച്ചതിനാലാണ് ഇവർക്ക് സ്വതന്ത്രരായി ബംഗളൂരുവിലേക്ക് കടക്കാൻ കഴിഞ്ഞതെന്ന പ്രോസിക്യൂഷന്റെ വാദം ശരിയാണ്.. കസ്റ്റംസ് പിടികൂടിയ നയതന്ത്രബാഗേജ് തിരിച്ചുകിട്ടാൻ സ്വപ്ന ഉന്നത സ്വാധീനമുൾപ്പെടെ ഉപയോഗിച്ചു. സ്വർണക്കടത്തു കേസിൽ കോൺസുലേറ്റ് ജനറലിന്റെയും അറ്റാഷെയുടെയും പങ്കാളിത്തത്തെക്കുറിച്ച് കൂടുതൽ തെളിവ് ലഭിക്കാതെ ഒന്നും പറയാനാവില്ല.

സ്ത്രീയെന്ന പരിഗണന

നൽകാനാവില്ല

സ്ത്രീയെന്ന പരിഗണന നൽകണമെന്നാണ് ഹർജിക്കാരിയുടെ വാദം. ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളെ ദുർബല വിഭാഗമായി വിലയിരുത്തുന്നതിനാലാണ് ഇത്തരമൊരു പരിഗണന നൽകുന്നത്. സ്വപ്ന ഉന്നതസ്വാധീനമുള്ള സ്ത്രീയാണ്. ജോലി രാജിവച്ചിട്ടും കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വപ്‌ന സഹായിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതിയിൽ ജോലിയും നേടി. ലഭ്യമായ രേഖകളിൽ നിന്ന് അധികാരത്തിന്റെ ഇടനാഴിയിൽ സ്വപ്നയ്ക്കുള്ള ഉന്നതസ്വാധീനം വ്യക്തമാണ്. ഇങ്ങനെയൊരാൾക്ക് സ്ത്രീയെന്ന പരിഗണനയിൽ ജാമ്യം നൽകാനാവില്ല.

സെയ്തലവിയുടെ

ആരോഗ്യ പ്രശ്നം

പ്രോസ്റ്റേറ്റ് സംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും രോഗബാധിതനാണെന്നും സെയ്തലവിയുടെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. മെഡിക്കൽ കാരണങ്ങളാൽ ജാമ്യം അനുവദിക്കാനാവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 20 ലെ ആശുപത്രി റിപ്പോർട്ടിൽ പ്രതിയുടെ ആരോഗ്യം കുഴപ്പമില്ലെന്നാണ് പറയുന്നത്. അണുബാധയുണ്ടാകാത്ത തരത്തിൽ ശുചിത്വമുള്ളസ്ഥലം ജയിലിൽ വേണം. സെയ്തലവിയുടെ ആരോഗ്യനില ജയിൽസൂപ്രണ്ട് നിരീക്ഷിക്കണം.