മൂവാറ്റുപുഴ: പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന മണിയന്ത്രം മുടിക്ക് മുകളിലേക്ക് വിനോദ സഞ്ചാരികളെ മാടിവിളിക്കുകയാണ്. ഇടുക്കിജില്ലയുടെ അതിർത്തിയിലാണ് മണിയന്ത്രം മുടി. മൂവാറ്റുപുഴ- തൊടുപുഴ റോഡിൽ കദളിക്കാട് മണിയന്ത്രം കവലയിൽ നിന്ന് ഇടത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചാലും, ഇതേ റൂട്ടിൽ മടക്കത്താനത്തുനിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാലും മണിയന്ത്രം മുടിയിലെത്താം. കൂടാതെ തൊടുപുഴ - ഉൗന്നുകൽ റോഡിൽ പാലക്കുഴി ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാലും മുടിയിലെത്താം. മൂന്നു സ്ഥലത്തുനിന്നും മലയിലേക്കു കയറുമ്പോൾ തന്നെ കാഴ്ചകളുമാരംഭിക്കുകയായി. ഒരു ട്രക്കിങ്ങിനു സമാനമാണ് മലകയറ്റം. മലയുടെ മുടിയിലേക്ക് നടന്നു തന്നെ കയറണം.ഇതിനിടയിൽ മലയിൽ നിന്നും താഴേക്കൊഴുകുന്ന അരുവിയിൽ സഞ്ചാരികൾക്ക് മുഖവും കൈയ്യും കാലുമൊക്കെ കഴുകുക മാത്രമല്ല വേണമെങ്കിൽ മലമുകളിലൊരു കുളിയുമാകാം. മലയുടെ മുകളിൽ നിന്ന് നോക്കിയാൽ വിശാലമായി പരന്നു കിടക്കുന്ന എറണാകുളം ജില്ലയുടെ പ്രധാന ഭാഗങ്ങൾ കാണാനാകുമെന്ന് മണിയന്ത്രം കോളനിയിലെ താമസക്കാർ പറയുന്നു.കൊവിഡ് 19 വ്യാപനത്തെ തുടർന്ന് സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ട്.
രസതന്ത്രം പാറ
രസതന്ത്രം, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളുടേയും, നിരവധി സീരിയലുകളുടേയും ഷൂട്ടിംങ്ങ് ഇവിടെ നടക്കുന്നുണ്ട്. രസതന്ത്രം സിനിമ ഷൂട്ടിംഗ് കഴിഞ്ഞതിനുശേഷം ഇവിടത്തെ വിശാലമായ പാറ രസതന്ത്രം പാറ എന്നാണ് അറിയപ്പെടുന്നത്.
വിനോദ സഞ്ചാരകേന്ദ്രമാക്കാവുന്ന ഇടം
സി.ബി.എസ്.ഇ പരീക്ഷയിൽ പ്ലസ് ടു പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി ദേശിയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വിനായകന്റെ വാസ സ്ഥലമായ മണിയന്ത്രം കോളനിയും മുടിയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിചാരിച്ചാൽ വിദേശികളെയുൾപ്പടെ ആകർഷിക്കുന്ന വിനോദ സഞ്ചാരകേന്ദ്രമാക്കിമാറ്രുവാൻ കഴിയുമെന്ന് മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ സാബു പുന്നേക്കുന്നേൽ പറയുന്നത്.