മൂവാറ്റുപുഴ: സമൂഹ വ്യാപനത്തെ തുടർന്ന് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർത്ത് ആയവന ഗ്രാമപഞ്ചായത്തിൽ ഇന്ന് മുതൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മൊബൈൽ ആന്റിജൻ ടെസ്റ്റ് നടത്തുമെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ആയവന ഗ്രാമ പഞ്ചായത്തിലെ പകൽ വീടാണ് ടെസ്റ്റിനായി സജ്ജീകരിച്ചിരിക്കുന്നത്. പഞ്ചായത്തിൽ 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാം വാർഡിൽ രണ്ടാളുകൾക്കും നാലിൽ 17, അഞ്ചിൽ 13ആളുകൾക്കും 13 വാർഡിൽ രണ്ട് ആളുകൾക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 315പേരാണ് ഇവരുടെ പ്രൈമറി കോണ്ടാക്ടിലുള്ളത്. 24ആളുകൾക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്. 15 പേരുടെ ടെസ്റ്റ് ഫലം അറിയാനുണ്ട്. പഞ്ചായത്തിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി മൂവാറ്റുപുഴ താലൂക്ക് മിനി കോൺഫ്രൻസ് ഹാളിൽ എൽദോ എബ്രഹാം എം. എൽ .എ യുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കണ്ടൈയ്‌മെന്റ് സോണിന് പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി അപേക്ഷകൾ സമർപ്പിക്കുന്നതിനായി അഞ്ചൽ പെട്ടി അക്ഷയ സെന്റർ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാൻ യോഗത്തിൽ അനുമതി നൽകി. ആർ.ഡി.ഒ. കെ.ചന്ദ്രശേഖരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്, പഞ്ചായത്ത് പ്രസിഡന്റ് റബി ജോസ്, മെമ്പർമാരായ സിന്ധു ബെന്നി, ജൂലി സുനിൽ, മെഡിക്കൽ ഓഫീസർ ഡോ.കിരൺ നാരായണൻ, പഞ്ചായത്ത് സെക്രട്ടറി പി.എം ജയരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.