കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ 11 -ാം പ്രതി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതി കസ്റ്റംസിന്റെ വിശദീകരണം തേടി. നേരത്തെ ഇയാളുടെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റവിചാരണച്ചുമതലയുള്ള കോടതി തള്ളിയിരുന്നു. താൻ കേസിൽ നിരപരാധിയാണെന്നും വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിട്ടും തെളിവൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഹർജിക്കാരൻ പറയുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണ്. അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു. കേസിലെ ഒമ്പത്, 13,14 പ്രതികളുടെ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.