കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നടത്തിയ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 48.07 ശതമാനം പേർ വിജയിച്ചതായി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. ബി.എ., ബി.എസ് സി., ബി.കോം, ബി.ബി.എ, ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി, ബി.ടി.ടി.എം പ്രോഗ്രാമുകളിലായി പരീക്ഷയെഴുതിയ 37,502 പേരിൽ 18,030 പേർ എല്ലാ സെമസ്റ്ററുകളിലും വിജയിച്ചു.

ബി.എയ്ക്ക് 54.13 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 7,717 പേരിൽ 4,177 പേർ ജയിച്ചു. ബി.എസ് സിക്ക് 55.46 ശതമാനം പേർ ജയിച്ചു. 9,010 പേരിൽ 4,997 പേർ ജയിച്ചു. ബി.കോമിന് 42.89 ശതമാനമാണ് വിജയം. 15,100 പേരിൽ 6,477 പേർ ജയിച്ചു. ബി.ബി.എ 40.25, ബി.സി.എ 42.46, ബി.ബി.എം. 30.11, ബി.എഫ്.ടി. 28.57, ബി.ടി.ടി.എം. 26.77 എന്നിങ്ങനെയാണ് വിജയശതമാനം. ബി.ബി.എയ്ക്ക് പരീക്ഷയെഴുതിയ 2,715 പേരിൽ 1,093 പേരും ബി.സി.എ.യ്ക്ക് 2496 പേരിൽ 1060 പേരും ബി.ബി.എമ്മിന് 176 പേരിൽ 53 പേരും ബി.എഫ്.ടിക്ക് 42 പേരിൽ 12 പേരും ബി.ടി.ടി.എമ്മിന് 478 പേരിൽ 128 പേരും വിജയിച്ചു.

പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിലെ 'റിസൾട്ട്‌സ്' ലിങ്കിൽ ലഭിക്കും. ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 28 വരെ www.mgu.ac.in എന്ന വെബ്‌സൈറ്റിലെ 'സ്റ്റുഡന്റ് പോർട്ടൽ' ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

മാർച്ചിൽ ആരംഭിച്ച പരീക്ഷ കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ചു. തുടർന്ന് ജൂൺ, ജൂലായ് മാസങ്ങളിലായാണ് നടന്നത്. അതത് ജില്ലയിലുള്ളവർക്ക് അവിടെത്തന്നെ പരീക്ഷയെഴുതാനായി എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും പ്രത്യേക പരീക്ഷകേന്ദ്രങ്ങൾ അനുവദിച്ചാണ് പരീക്ഷ പൂർത്തീകരിച്ചത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചാണ് മൂല്യനിർണയമടക്കമുള്ള നടപടികൾ പൂർത്തീകരിച്ചതെന്ന് പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് പറഞ്ഞു. സർവകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയിൻമെന്റ് സോണായതടക്കം കൊവിഡ് 19 വെല്ലുവിളികളെ നേരിട്ടാണ് ഫലം പ്രസിദ്ധീകരിച്ചത്.