ആലുവ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പല പ്രദേശങ്ങളിലും സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ആലുവയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ സഹകരണമുണ്ടായാലേ കൊവിഡ് വ്യാപനം തടയാനാകൂ.
പശ്ചിമകൊച്ചിയിൽ മാത്രം ഇതേവരെ 376 പോസിറ്റീവ് കേസുകളുണ്ട്. ഒരു വാർഡിൽ 96 കേസുകൾ വരെയുണ്ട്. കൂടുതലാണിത്. ജില്ലയുടെ കിഴക്കൻ മേഖലയായ നെല്ലിക്കുഴിയിൽ 56 രോഗികളാണ്. ഇവിടെ നിയന്ത്രണം ഒഴിവാക്കാൻ ശക്തമായ സമ്മർദമുണ്ടെങ്കിലും അനുവദിക്കാനാവില്ല. വെങ്ങോല, ആയവന പഞ്ചായത്തുകൾ, തൃക്കാക്കര നഗരസഭ എന്നിവയാണ് കൂടുതൽ പോസിറ്റീവ് കേസുകളുള്ള മറ്റ് പ്രദേശങ്ങൾ. കൊവിഡിനെതിരെയുള്ള പ്രവർത്തനത്തിൽ ആലുവയിൽ ജനങ്ങൾ ഒരുപാട് പ്രയാസങ്ങൾ നേരിട്ടു. അവരുടെ ത്യാഗമാണ് കൊവിഡ് ആലുവയിൽ നിയന്ത്രണവിധേയമാക്കിയത്. മൂവാറ്റുപുഴ മത്സ്യമാർക്കറ്റ് പരീക്ഷണാടിസ്ഥാനത്തിൽ തുറക്കും. തോപ്പുംപടി ഹാർബറിൽ ഫിഷ് ലാൻഡിംഗ് സെന്ററിന് അനുമതി നൽകി. ചെല്ലാനത്ത് ഇന്നുമുതൽ മത്സ്യബന്ധനത്തിനും അനുമതിയുണ്ട്.
കൊവിഡ് നിരീക്ഷണം പൂർത്തിയായവർക്ക് ആരോഗ്യവിഭാഗവും പൊലീസും സർട്ടിഫിക്കറ്റുകൾ നൽകും. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരിക്കും മത്സ്യബന്ധനത്തിന് കടലിൽ പോകാൻ പാസ് അനുവദിക്കുക.
# ദിവസം 6000 പേർക്ക് പരിശോധന
ദിവസേനയുള്ള കൊവിഡ് പരിശോധന ആറായിരമാക്കാനാണ് ലക്ഷ്യം. 4000 - 4500 പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണിത്. അങ്കമാലി അഡ്‌ലക്‌സ് എഫ്.എൽ.ടി.സി ബി ലെവൽ ട്രീറ്റ്‌മെന്റ് സെന്ററായി മാറ്റും. പി.വി.എസ്. ആശുപത്രിയും ബി ലെവൽ ട്രീറ്റ്‌മെന്റ് സെന്ററാകും. മൂവാറ്റൂപുഴ, പറവൂർ, കോതമംഗലം എന്നിവിടങ്ങളിൽ താലൂക്ക് തല എഫ്.എൽ.ടി.സികൾ ആരംഭിക്കും.
# കൊച്ചി കൊവിഡ് ക്ലസ്റ്റർ :
രോഗവ്യാപനമില്ലാത്ത ഡിവിഷനുകളിൽ ഇളവ്
പശ്ചിമകൊച്ചിയിൽ ആശങ്ക തുടരുന്നതിനാൽ കർശനനിയന്ത്രണം തുടരും. ഗുരുതരാവസ്ഥ പരിഗണിച്ചാണ് നിയന്ത്രങ്ങൾ കർശനമാക്കുന്നത്. എന്നാൽ ലാർജ് ക്ലസ്റ്ററായി എടുത്തിട്ടുണ്ടെങ്കിലും കൊവിഡ് വ്യാപനമില്ലാത്ത ഡിവിഷനുകൾക്ക് ഇളവ് അനുവദിക്കും.
പശ്ചിമകൊച്ചിയിലെ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും ഹാർബറിലുള്ള വിവിധ സംഘടനകളുടേയും അടിയന്തര യോഗം ഇന്ന് ചേരും. അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രമേ തുറക്കാനാകൂ. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു തോപ്പുംപടി ഹാർബർ തുറന്ന് ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്താൻ അനുവദിക്കും. കൊച്ചിയിൽ പ്രവർത്തിക്കുന്ന സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാൻ അനുമതി നൽകും. എന്നാൽ ആ പ്രദേശത്തുള്ള ജീവനക്കാരെ മാത്രമേ അനുവദിക്കൂ.