meeraslibrary
സ്വാതന്ത്ര്യ ദിനത്തിൽ നൂതന പഠന പദ്ധതികളുമായി എത്തുന്ന ഐ.എ.എസ് സഹോദരൻമാർ

മൂവാറ്റുപുഴ: 73- മത് സ്വാതന്ത്ര്യ ദിനത്തിൽ നൂതന പഠന പദ്ധതികളുമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കൊപ്പംഐ.എ.എസ് സഹോദരൻമാർ. പേഴക്കാപ്പിള്ളി മീരാസ് ഡിജിറ്റൽ ലൈബ്രറിയുടെ ഇ ലേണിംഗ് പഠന പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് ഐ.എ.എസ് സഹോദരങ്ങളായ ഡോക്ടർ പി. ബി സലീം, പി. ബി നൂഹ് എന്നിവർ കുട്ടികളുമായി സംവേദിക്കാൻ എത്തുന്നത് . അക്കാഡിയാക്ക് ലേണിങ് ഹബ്ബുമായി സഹകരിച്ചു കൊണ്ട് മൂവാറ്റുപുഴയിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ കുട്ടികളെ അനുമോദിക്കാനും കൂടിയാണ് ഈ പരിപാടി . വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി. എ. സന്തോഷ് മുഖ്യ അതിഥിയായി എത്തും. മൂവാറ്റുപുഴ ഡി.ഇ.,ഒ, എം.കെ.സീതയും പരിപാടിയിൽ പങ്കെടുക്കുന്നു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ മീഡിയാ സാധ്യതകൾ ഉപയോഗിച്ചു കൊണ്ടാണ് ക്ലാസുകൾ.കരിയർ ഫോർ ലൈഫ് എന്ന പേരിൽ കരിയർ ഗൈഡൻസ് വർക്ക്ഷോപ്പും ഒരുക്കുന്നു. പ്രമുഖ മോട്ടിവേഷൻ സ്പീക്കറും കരിയർ എക്സ്പെർട്ടുമായ ശ്രീവിദ്യാ സന്തോഷ് ആണ് ക്ലാസുകൾ നയിക്കുന്നത്. കൂടാതെ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി മെന്ററും ക്രിമിനോളജിസ്റ്റുമായ മെജോ ടി. ജോൺ, സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ ഫാക്കൽറ്റി കെ .എ. അമീർ ഫൈസൽ തുടങ്ങിയവരും സെഷനുകൾ കൈകാര്യം ചെയ്യുന്നു. പശ്ചിമബംഗാൾ ഗവൺമെന്റ് സെക്രട്ടറി കൂടിയായ ഡോക്ടർ പി ബി സലിം ഐ.എ.എസാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും. മൂവാറ്റുപുഴയിലെ വിദ്യാഭാസ മേഖലയിൽ നിന്നും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് മിരാസ് ലൈബ്രറി ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടർന്നും മികച്ച വിദ്യാഭ്യാസ വിദഗ്ദരെ പങ്കെടുപ്പിച്ച് എല്ലാ ആഴ്ചയിലും ഇ ലേണിംഗ് വെർച്വൽ ക്ലാസ് റൂം കൂടി സംഘടിപ്പിക്കുമെന്ന് സംഘാടകരായ അസീസ് കുന്നപ്പിള്ളി, മുഹമ്മദ് സജിൽ, അനു പോൾ അഫ്സൽ, അനൂപ് പി ബി തുടങ്ങിയവർ അറിയിച്ചു.