കോലഞ്ചേരി: പട്ടിമറ്റത്തെ സ്വകാര്യ ലിമിറ്റഡ് കമ്പനിയിൽ 20 ലേറെ പേർക്ക് കൊവിഡ്,കമ്പനിയടക്കാത്തത് മൂലം പ്രദേശത്ത് ആശങ്കയേറുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ആഴ്ചകളായി ദിവസേന ഇവിടത്തെ ജോലിക്കാർക്കും സമ്പർക്കമുള്ളവർക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടും കമ്പനിയടച്ചിടാനോ,പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കുന്നത്തുനാട് നിയോജക മണ്ഡലത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് പേരാണ് ഇവിടെ ജോലിയെടുക്കുന്നത്. എന്നാൽ ഇവിടെ ജീവനക്കാർക്കിടയിൽ കൊവിഡ് പരക്കുന്നത് സമൂഹ വ്യാപനത്തിന് വഴിവയ്ക്കുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. ഇതേ സമയം എല്ലാ വിധ സുരക്ഷാ മുൻകരുതലുകൾ പാലിച്ചാണ് കമ്പനിയുടെ പ്രവർത്തനമെന്നും കൊവിഡ് ബാധിച്ച ജീവനക്കാർ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണെന്നും, മെഡിക്കൽ ഉല്പന്നങ്ങളുണ്ടാക്കുന്നതിനാലാണ് പ്രവർത്തനം തുടരുന്നതെന്നുമാണ് കമ്പനിയധികൃതരുടെ വിശദീകരണം. പ്രശ്‌നത്തിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.