കൊച്ചി: എറണാകുളം പവർഹൗസ് റോഡിൽ വാടകവീട്ടിൽ രാത്രി അതിക്രമിച്ചുകയറി മോഷണം നടത്തിയ വയനാട് അമ്പലവയൽ താന്നിക്കൽവീട്ടിൽ അബ്ദുൽ ആബിദിനെ (28) സെൻട്രൽ പൊലീസ് അറസ്‌റ്റുചെയ്‌തു. കഴിഞ്ഞമാസം 25 നായിരുന്നു സംഭവം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ യുവാവും കൂട്ടുകാരും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പുലർച്ചെ അതിക്രമിച്ച് കയറി ലാപ്‌ടോപ്പ്, രണ്ടു മൊബൈൽ ഫോണുകൾ, 10000 രൂപയോളം അടങ്ങിയ മൂന്ന് പഴ്‌സുകൾ, ട്രാവൽബാഗ് എന്നിവയാണ് മോഷ്‌ടിച്ചത്. യുവാവിന്റെ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തു. പ്രതി വില്പന നടത്തിയ മുതലുകൾ പെരുമ്പാവൂരിലെ കടയിൽനിന്നും പൊലീസ് കണ്ടെടുത്തു. സ്ഥിരം മോഷ്ടാവായ പ്രതിക്കെതിരെ വയനാട്, സുൽത്താൻബത്തേരി, വൈത്തിരി ,കൽപ്പറ്റ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.

സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻകുമാർ, തോമസ് പള്ളൻ, അരുൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, രഞ്ജിത്ത്, ഇഗ്‌നേഷ്യസ്, ഇസഹാക് തുടങ്ങിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.