മൂന്ന് വർഷം: 10 ലക്ഷത്തിലേറെ യാത്രക്കാർ
റൂട്ട്: വൈക്കം- ആലപ്പുഴ
കൊച്ചി: ലോകത്തെ ഏറ്റവും മികച്ച സൗരോർജ യാത്രാബോട്ടെന്ന ബഹുമതി വൈക്കത്തുനിന്ന് ആലപ്പുഴയിലെ തവണക്കടവ് വരെ സർവീസ് നടത്തുന്ന ആദിത്യയെ തേടിയെത്തി.
മൂന്നു വർഷത്തിലേറെയായി സർവീസ് നടത്തുന്ന ബോട്ടിൽ യാത്രക്കാരായത് പത്തു ലക്ഷത്തിലേറെപ്പേർ. ഇരുകടവുകൾക്കിടയിലെ രണ്ടര കിലോമീറ്റർ ദൂരം പതിനഞ്ചു മിനിട്ടുകൊണ്ട് താണ്ടുന്ന ആദിത്യ ലോക്ക്ഡൗൺ വേളയിൽപോലും മുടങ്ങിയിട്ടില്ല. മികച്ച പ്രവർത്തനക്ഷമതയാണ് ലോകത്തെ ഏറ്റവും മികച്ച ഇലക്ട്രിക് ബോട്ടിനുള്ള ഗുസ്തവേ ത്രോവേ പുരസ്കാരം നേടിക്കൊടുത്തത്. ഇലക്ട്രിക് കാർ, ബോട്ട് വിദഗ്ദ്ധനായ ഫ്രഞ്ച് എൻജിനിയർ ഗുസ്തവേ ത്രോവേയുടെ പേരിലുള്ള അവാർഡാണിത്.
രൂപകല്പന ചെയ്ത കൊച്ചിയിലെ നൊവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക്കൽ ബോട്ട്സ് കമ്പനിക്കാണ് പുരസ്കാരം ലഭിക്കുക. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഷിപ്പ് ടെക്നോളജി വിഭാഗവും പങ്ക് വഹിച്ചിരുന്നു.
ബോട്ട് വിശേഷം
വില: 2 കോടി രൂപ
സീറ്റുകൾ: 75
വേഗത: 10.2 -13.9 കി.മീ
പ്രതിദിന സർവീസ് : 22
ഓടിയത്: 67,467കി.മീ.
ഡീസൽ ലാഭവും
ടിക്കറ്റ് വരുമാനവും
ലാഭിച്ച ഡീസൽ: 1,05,500 ലിറ്റർ
മൂന്നുവർഷത്തെ ശരാശരി ഡീസൽ വിലയായി 70 രൂപ
കണക്കാക്കിയാൽ ലാഭിച്ച തുക: 73.85 ലക്ഷം രൂപ
ടിക്കറ്റ് നിരക്ക്: 6 രൂപ
പത്തുലക്ഷം ടിക്കറ്റിലെ വരുമാനം: 60 ലക്ഷം
തകരാറില്ല, സുഖകരം
തകരാറില്ല.സുഖകരവും നിശബ്ദവുമായ യാത്ര. നാലു വർഷം കൊണ്ട് മുടക്കുമുതൽ തിരികെ ലഭിക്കും. കൂടുതൽ സൗരോർജ ബോട്ടുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്.
ഷാജി വി. നായർ
ഡയറക്ടർ, ജലഗതാഗത വകുപ്പ്