കൊച്ചി: കെ.എസ്.എഫ്.ഇയുടെ മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും നിർമ്മിക്കാൻ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ സ്വജനപക്ഷപാതവും ക്രമക്കേടും നടന്നെന്ന് പി.ടി. തോമസ് എം.എൽ.എ ആരോപിച്ചു. പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷിന്റെ 46 ദിവസം മാത്രം പ്രായമായ എ.ഐ.വെയർ എന്ന കൺസോഷ്യം കൺസൾട്ടൻസി കരാർ സ്വന്തമാക്കിയശേഷം അമേരിക്കൻ കമ്പനിയായ ക്ലിയർ ഐയിൽ ലയിച്ചു. ഇതോടെ 35 ലക്ഷം ഇടപാടുകാരുടെയും 7000 ജീവനക്കാരുടെയും ഡാറ്റ അമേരിക്കൻ കമ്പനിയുടെ പക്കലായി. പ്രൈസ് വാട്ടർ കൂപ്പേഴ്സിന്റെ ഏഷ്യാ റീജിയണൽ ഡയറക്ടർ മൈൽസ് എവെർസണാണ് ക്ലിയർ ഐയുടെയും ഡയറക്ടർ. മറ്റൊരു ഡയറക്ടറായ ജെയ്ക്ക് ബാലകൃഷ്ണൻ മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി കമ്പനി കൺസൾട്ടന്റുമാണ്. 2017ൽ കെ.എസ്.എഫ്.ഇയുടെ സോഫ്റ്റ് വെയർ സെക്യൂരിറ്റി ഓഡിറ്റ് നടത്താൻ നിബോധ എന്ന കമ്പനിയുടെ ഡയറക്ടർ ഗിരീഷ് ബാബുവിനെ 34.72 ലക്ഷം രൂപനൽകി കൺസൾട്ടന്റ് ആയി നിയമിച്ചതിലും ക്രമക്കേടുണ്ടെന്നും പി.ടി. തോമസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.