kerala-high-court

കൊച്ചി : സാമ്പത്തിക സംവരണം നടപ്പാക്കാൻ സർക്കാരിന് അനുമതി നൽകുന്ന വ്യവസ്ഥ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയിലുള്ളതെന്നും ,മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്ന് നിഷ്‌കർഷിക്കുന്ന പ്രത്യേക വ്യവസ്ഥ ഇതിലില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹയർ സെക്കൻഡറി പ്രവേശനത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളിയിലെ സമസ്ത നായർ സമാജം നൽകിയ ഹർജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം വിശദീകരിച്ചത്.

സാമ്പത്തിക സംവരണം സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെടുന്നതാണ്. ഇതു നടപ്പാക്കാൻ സർക്കാരുകൾക്ക് അധികാരം നൽകുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 15ൽ വരുത്തിയ ഭേദഗതി. സാമ്പത്തിക സംവരണം നൽകണമെന്ന പ്രത്യേക വ്യവസ്ഥ ഇതിലുണ്ടെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല. കേരളത്തിൽ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം, നിയമനം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കേരള വിദ്യാഭ്യാസനിയമം അനുസരിച്ചാണ്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകുന്ന ഭരണഘടനാ ഭേദഗതി സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സ്കൂൾ - കോളേജുകൾക്ക് ബാധകമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതു നടപ്പാക്കാതെയാണ് ഇത്തവണ ഹയർ സെക്കൻഡറി പ്രവേശനത്തിന് നടപടികൾ സ്വീകരിച്ചതെന്നും ഹർജിയിൽ ആരോപിച്ചു.

എന്നാൽ, സാമ്പത്തിക സംവരണം നടപ്പാക്കാൻ സർക്കാരിന് ചുമതല നൽകുന്നതാണ് ഭരണഘടനാ ഭേദഗതിയെന്നും ,ഇതിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇൗ വാദങ്ങൾ കൂടി കണക്കിലെടുത്താണ് ഡിവിഷൻബെഞ്ച് പൊതുതാത്പര്യ ഹർജി തള്ളിയത്. അതേസമയം ,ഹർജി വിധി പറയാൻ മാറ്റിയ ശേഷം കഴിഞ്ഞ ചൊവ്വാഴ്ച ഹയർ സെക്കൻഡറി കോഴ്സുകളിലെ പ്രവേശനത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു.