കൊച്ചി: മെട്രോ കലൂരിൽനിന്ന് കാക്കനാട്ടേക്കു നീട്ടുമ്പോൾ വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന കച്ചവടക്കാരെ തുച്ഛമായ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനുള്ള നീക്കത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു. നിരവധി കച്ചവടക്കാർ തൊഴിൽരഹിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രസർക്കാരിന്റെ നിയമം അനുസരിച്ച് വഴിയോരത്തെ
കച്ചവടക്കാരെ ഒഴിപ്പിക്കണമെങ്കിലും ബദൽസംവിധാനം ഒരുക്കണം. കോർപ്പറേഷൻ പരിധിയിലെ അനധികൃത കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് രണ്ടു മാസം മുമ്പ് കോടതി കൊച്ചി കോർപ്പറേഷന് നോട്ടീസ് നൽകിയിരുന്നു. മെട്രോ കാക്കനാട്ടേക്ക് നീട്ടുമ്പോൾ നഷ്‌ടം സംഭവിക്കുന്ന എല്ലാ കച്ചവടക്കാർക്കും ആവശ്യമായ ധനസഹായം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കലൂർ യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ. മൂസ മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും ആവശ്യപ്പെട്ടു.