musiris-jetty

വൈപ്പിൻ: ചരിത്രസ്മാരകമായ പള്ളിപ്പുറം കോട്ടക്ക് മുന്നിലായി മുസിരിസ് പ്രോജക്ട് ലിമിറ്റഡിന്റെ ബോട്ട്ജട്ടി 17 ന് സഞ്ചാരികൾക്ക് സമർപ്പിക്കും.പള്ളിപ്പുറം കോട്ട ജട്ടിയുടെ ഉദ്ഘാടനം രാവിലെ 10ന് എസ്. ശർമ്മ എം.എൽ.എ. നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, മുസിരിസ് പ്രോജക്ട് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, ഇറിഗേഷൻ ഡിവിഷൻ എക്‌സി. എൻജിനീയർ ബി. അബ്ബാസ്, മുസരിസ് കോഓർഡിനേറ്റർ എം.കെ. ജോസഫ്, മേരി ഷൈൻ എന്നിവർ സംസാരിക്കും.വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാതയിൽ മുനമ്പം കച്ചേരിപ്പടിക്ക് കിഴക്കുവശമാണ് പള്ളിപ്പുറത്തെ ജട്ടി. മുനമ്പം പൊലീസ്‌സ്റ്റേഷൻ, ഗവ. ആശുപത്രി, മുനമ്പം അങ്ങാടി എന്നിവയ്ക്ക് സമീപമാണിത്.

പദ്ധതിയിൽ നാല് ജട്ടികൾ

പൈതൃകസംരക്ഷണത്തിനായി കേരളസർക്കാർ രൂപം കൊടുത്തിട്ടുള്ള സ്ഥാപനമാണ് കൊടുങ്ങല്ലൂർ കേന്ദ്രമായ മുസിരിസ് പ്രോജക്ട്. മുസിരിസ് പൈതൃക സഞ്ചാരപഥത്തിൽ നാല് ജട്ടികളാണ് ഇപ്പോൾ പദ്ധതിയിലുള്ളത്. പള്ളിപ്പുറം കൂടാതെ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്രം, അഴീക്കോട് മാർത്തോമാ പള്ളി, ഗോതുരുത്ത് പള്ളി എന്നിവയുടെ മുന്നിലാണ് മറ്റ് ജട്ടികൾ.

നാല് ജട്ടികൾക്കും കൂടി 2.20 കോടി രൂപ ചെലവ്

43 ലക്ഷം രൂപ പള്ളിപ്പുറം ജട്ടിക്ക് ചെലവാക്കി

പള്ളിപ്പുറം കോട്ട
ഇന്ത്യയിലെ തന്നെ ആദ്യ വിദേശ നിർമ്മിത കോട്ടയാണ് അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച പള്ളിപ്പുറം കോട്ട. ഇത് കൂടാതെ കൃഷ്ണൻ കോട്ട, മാർത്തോമാ പള്ളി, പാലിയം കൊട്ടാരം, പറവൂർ സിനഗോഗ്, ചെറായി സഹോദരൻ സ്മാരകം എന്നീ ചരിത്ര സ്മാരകങ്ങളും മുസരിസ് പൈതൃക ജലപാതയിലുണ്ട്. ജലപാത യാത്രികർക്കായാണ് പൈതൃക നിർമ്മിതികളെ കൂട്ടിയിണക്കിയുള്ള സഞ്ചാരപാത. മുസരിസിന്റെ 6 ബോട്ടുകളാണ് ഈ റൂട്ടിൽ നിത്യേന സഞ്ചരിക്കുന്നത്.